ഒട്ടാവ: ആഗസ്റ്റ് മാസത്തെ വിവിധ സാമ്പത്തിക ആനുകൂല്യ വിതരണ തീയതികളും തുകകളും പുറത്തുവിട്ട് സർവീസ് കാനഡ. രാജ്യത്തെ പെൻഷൻ പദ്ധതികൾ, ഭിന്നശേഷി സഹായങ്ങൾ, സർവൈവർ ഇൻകം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആനുകൂല്യങ്ങളാണ് രണ്ട് വ്യത്യസ്ത തീയതികളിലായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നത്.
ആഗസ്റ്റ് മാസത്തെ ആദ്യ ആനുകൂല്യ വിതരണം ആഗസ്റ്റ് 20 വ്യാഴാഴ്ച കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് (CDB) വഴിയാണ് ആരംഭിക്കുന്നത്. ഭിന്നശേഷിക്കാർക്കായി നൽകുന്ന ഈ സഹായ പദ്ധതിയിൽ 2.1 ശതമാനം വാർഷിക ഉപഭോക്തൃ വിലസൂചിക (CPI) വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 2026-27 ബെനഫിറ്റ് വർഷത്തിൽ കിട്ടുന്ന ഒരുമാസത്തെ പരമാവധി തുക 204.20 ഡോളറായി ഉയർന്നു. ഒരു വർഷം 2,450.40 ഡോളറാണ് കിട്ടുന്നത്. വ്യക്തിയുടെയോ കുടുംബത്തിന്റെയോ 2025-ലെ നികുതി റിട്ടേൺ അടിസ്ഥാനമാക്കിയാണ് തുക നിർണ്ണയിക്കുന്നത്. നിശ്ചിത വരുമാന പരിധിക്ക് മുകളിലുള്ള തുകയ്ക്ക് 20 ശതമാനം നിരക്കിൽ കുറവ് വരും. ഇതിന് പുറമേ, ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് (DTC) സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ചെലവുകൾ നികത്തുന്നതിനായി സെപ്റ്റംബർ മുതൽ 150 ഡോളറിന്റെ ഒറ്റത്തവണ അധിക തുകയും നൽകും. സെപ്റ്റംബറിന് മുമ്പ് അർഹത നേടിയവർ ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. 18 മുതൽ 64 വയസ്സ് വരെ പ്രായമുള്ളവരും ഡിടിസി സർട്ടിഫിക്കറ്റുള്ളവരുമായ കനേഡിയൻ പൗരന്മാർ, സ്ഥിരതാമസക്കാർ, മറ്റ് അർഹരായ താൽക്കാലിക താമസക്കാർ എന്നിവർക്കാണ് ഇതിന് അർഹതയുള്ളത്. പൂർണ്ണമായും നികുതിരഹിതമായ ഈ തുക പ്രൊവിൻഷ്യൽ ഡിസെബിലിറ്റി ആനുകൂല്യങ്ങളെ ബാധിക്കില്ല.
ആഗസ്റ്റ് 27 വ്യാഴാഴ്ച കാനഡ പെൻഷൻ പ്ലാൻ (CPP), ഓൾഡ് ഏജ് സെക്യൂരിറ്റി (OAS), ഗാരന്റീഡ് ഇൻകം സപ്ലിമെന്റ് (GIS), അലവൻസുകൾ എന്നിവയുടെ വിതരണം നടക്കും. ജനുവരിയിൽ പ്രാബല്യത്തിൽ വന്ന 2 ശതമാനം വാർഷിക വർദ്ധനവോടെയാണ് സിപിപി തുകകൾ എത്തുന്നത്. ഇതനുസരിച്ച് 65 വയസ്സിൽ വിരമിക്കുന്നവർക്ക് പ്രതിമാസം ശരാശരി 877.01 ഡോളറും പരമാവധി 1,507.65 ഡോളറും ലഭിക്കും. ഡിസെബിലിറ്റി പെൻഷൻ പരമാവധി 1,741.20 ഡോളറും, 65 വയസ്സിന് താഴെയുള്ളവർക്കുള്ള സർവൈവർ പെൻഷൻ പരമാവധി 803.54 ഡോളറും , 65 വയസ്സിന് മുകളിലുള്ളവർക്ക് 904.59 ഡോളറും ലഭിക്കും. ചിൽഡ്രൻസ് ബെനഫിറ്റ് 307.81 ഡോളറും, 65 വയസ്സിലെ പോസ്റ്റ് റിട്ടയർമെന്റ് ബെനഫിറ്റ് പരമാവധി 54.69 ഡോളറും, മരണാനന്തര സഹായമായി ഒറ്റത്തവണ 2,500 ഡോളറു നിശ്ചയിച്ചിട്ടുണ്ട്. വിദേശത്ത് താമസിക്കുന്നവർക്കും നിർദ്ദിഷ്ട മാനദണ്ഡങ്ങളോടെ സിപിപി ലഭിക്കും.
മുതിർന്ന പൗരന്മാർക്കുള്ള ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള തുകയാണ് ആഗസ്റ്റ് 27-ന് നൽകുന്നത്. ജൂലൈയിൽ നടപ്പിലാക്കിയ 1.2 ശതമാനം വർദ്ധനവ് ഉൾപ്പെടെ 65 മുതൽ 74 വയസ്സ് വരെയുള്ളവർക്ക് പ്രതിമാസം പരമാവധി 751.97 ഡോളറും, 75 വയസ്സിന് മുകളിലുള്ളവർക്ക് 10 ശതമാനം അധിക തുകയോടെ 827.17 ഡോളറും ലഭിക്കും. ഒഎഎസ് പെൻഷൻ 65 വയസ്സിന് ശേഷം വാങ്ങുന്നത് വൈകിപ്പിച്ചാൽ ഓരോ മാസത്തിനും 0.6 ശതമാനം വീതം 70 വയസ്സിൽ പരമാവധി 36 ശതമാനം വരെ ഉയർന്ന തുക നേടാം. എന്നാൽ ഈ കാലയളവിൽ ജിഐഎസ് ആനുകൂല്യം ലഭിക്കില്ല.
കുറഞ്ഞ വരുമാനക്കാരായ വയോധികർക്കുള്ള ജിഐഎസ് (GIS) തുകകളും അലവൻസുകളും ആഗസ്റ്റ് 27-ന് വിതരണം ചെയ്യും. 2025-ലെ ടാക്സ് റിട്ടേൺ അടിസ്ഥാനമാക്കി പുതുക്കിയ നിരക്കനുസരിച്ച് ഒറ്റയ്ക്ക് ജീവിക്കുന്നവർക്കും വിധവകൾക്കും പരമാവധി 1,123.17 ഡോളർ (വരുമാന പരിധി 22,800 ഡോളർ) ലഭിക്കും. പങ്കാളിക്ക് ഒഎഎസ് ലഭിക്കുന്നവർക്ക് പരമാവധി 676.09 ഡോളറും (വരുമാന പരിധി 30,096 ഡോളർ), പങ്കാളിക്ക് ഒഎഎസ് ലഭിക്കാത്തവർക്ക് 1,123.17 ഡോളറും (വരുമാന പരിധി 54,624 ഡോളർ) ലഭ്യമാകും. 60 മുതൽ 64 വയസ്സ് വരെയുള്ളവർക്കുള്ള അലവൻസ് പരമാവധി 1,428.06 ഡോളറും (വരുമാന പരിധി 42,144 ഡോളർ), സർവൈവർ അലവൻസ് 1,702.34 ഡോളറുമാണ്. നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയവരുടെ ജിഐഎസ് വിതരണം തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ, ടാക്സ് ഫയൽ ചെയ്യുന്നതോടെ മുൻ മാസങ്ങളിലെ കുടിശ്ശിക തുകയും അക്കൗണ്ടിലെത്തും.
ഈ വർഷം ഇനി ബാക്കിയുള്ള സിഡിബി വിതരണം സെപ്റ്റംബർ 17, ഒക്ടോബർ 15, നവംബർ 19, ഡിസംബർ 17 തീയതികളിലും, സിപിപി, ഒഎഎസ്, ജിഐഎസ് എന്നിവ സെപ്റ്റംബർ 25, ഒക്ടോബർ 28, നവംബർ 26, ഡിസംബർ 22 തീയതികളിലുമാണ് നടക്കുക. മൈ സർവീസ് കാനഡ അക്കൗണ്ട് വഴി ഓൺലൈനായോ തപാൽ വഴിയോ നേരിട്ടോ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം. തുക ലഭിക്കാൻ ഡയറക്ട് ഡെപ്പോസിറ്റ് സംവിധാനം ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കൃത്യമായ തീയതി കഴിഞ്ഞ് 5 മുതൽ 10 പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ തുക ലഭിച്ചില്ലെങ്കിൽ ഗുണഭോക്താക്കൾക്ക് സർവീസ് കാനഡയുടെ ഔദ്യോഗിക ഹെൽപ്പ് ലൈൻ നമ്പറായ 1-800-277-9914 എന്ന നമ്പറിൽ ബന്ധപ്പെടാം.
New Service Canada Benefit Payments Coming In August 2026
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





