വാഷിംഗ്‌ടൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ സാൽമൊണെല്ല (Salmonella) ബാക്ടീരിയ ബാധ പടരുന്നതായി റിപ്പോർട്ട്. മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്ത ജലപീനോ (Jalapeño) മുളകുകളാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് അമേരിക്കൻ ആരോഗ്യ അധികൃതരുടെ പ്രാഥമിക നിഗമനം. ജൂൺ 19 മുതൽ ജൂലൈ 20 വരെയുള്ള കാലയളവിലാണ് പുതിയ രോഗബാധകൾ പ്രധാനമായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 27 സംസ്ഥാനങ്ങളിലായി 345 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അമേരിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) എന്നിവ പ്രദേശിക ആരോഗ്യ വകുപ്പുകളുമായി ചേർന്ന് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മെക്സിക്കോയിലെ സിനലോവയിൽ നിന്ന് ഇറക്കുമതി ചെയ്ത മുളകുകളാണ് വിപണിയിലെത്തിയത്. രോഗബാധിതരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങൾ കാണുന്നതിന് മുൻപ് മെക്സിക്കൻ ശൈലിയിലുള്ള റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ്. ഇതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി പ്രമുഖ റെസ്റ്റോറന്റ് ശൃംഖലകൾ ഈ മുളകുകളുടെ ഉപയോഗം താൽക്കാലികമായി നിർത്തിവെച്ചു. വിതരണം ചെയ്ത കമ്പനി മുളകുകൾ തിരിച്ചുവിളിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.
ഭക്ഷണത്തിലൂടെ പകരുന്ന സാൽമൊണെല്ല ബാക്ടീരിയ ബാധിച്ചാൽ വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി മലിനമായ ഭക്ഷണം കഴിച്ച് 12 മുതൽ 72 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. സംശയസ്പദമായ രീതിയിൽ വാങ്ങിയ ജലപീനോ മുളകുകൾ ഉപയോഗിക്കരുതെന്നും, ഇവ വച്ച പാത്രങ്ങളും ഉപരിതലങ്ങളും കൃത്യമായി കഴുകി അണുവിമുക്തമാക്കണമെന്നും നിർദേശമുണ്ട്. ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്ന് അധികൃതർ അറിയിച്ചു. അന്വേഷണവും സാമ്പിൾ പരിശോധനകളും തുടരുകയാണ്.
Salmonella outbreak spreads in the US: 345 people infected, health department takes preventive measures
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




