ഒട്ടാവ: കാനഡയിലെ ദക്ഷിണേഷ്യൻ വംശജരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന ഇന്ത്യ കേന്ദ്രീകൃത ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങിലെ പ്രധാന അംഗങ്ങളുടെ പേരുകളും വിവരങ്ങളും പുറത്തുവിട്ട് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസി. കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) തയ്യാറാക്കിയ രഹസ്യ റിപ്പോർട്ടിലാണ് സംഘത്തിലെ പ്രധാന സൂത്രധാരന്മാരുടെ വിവരങ്ങൾ ഉള്ളത്. വടക്കേ അമേരിക്കയിലെ ഗ്യാങ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗോൾഡി ബ്രാർ, ഹാരി ബോക്സർ, ഗോൾഡി ധില്ലോൺ, രോഹിത് ഗോദാര, അന്മോൽ ബിഷ്‌ണോയി, നോനി റാണ, ജോറ സിദ്ദു, ബന്ദുമാൻ സെഖോൺ എന്നിവരാണ് പട്ടികയിലുള്ള പ്രധാനികൾ.
കാനഡയിലെ ബിസിനസുകാരെയും സാധാരണക്കാരെയും ഭീഷണിപ്പെടുത്തി പണം തട്ടാനും ആക്രമണങ്ങൾ നടത്താനും പ്രാദേശിക യുവാക്കളെ ഇവർ ഉപയോഗിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023 മുതൽ ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, ഒന്റാറിയോ തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം പ്രധാനമായും തട്ടിപ്പുകൾ നടത്തുന്നത്. പണം നൽകാത്തവരുടെ വീടുകൾക്ക് നേരെ വെടിവയ്പ്പും തീവെപ്പും നടത്തുന്നതാണ് ഇവരുടെ പ്രധാന രീതി. ആളുകളെയും ആയുധങ്ങളും രഹസ്യമായി കടത്താൻ കാനഡയിലെ ചരക്കു കടത്ത് മേഖലയെ (Trucking sector) ഇവർ ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തലുണ്ട്.
നേരത്തെ സമാനമായ സംഭവങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പലരെയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഗ്യാങ്ങിന്റെ പ്രധാന നേതാക്കളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയിലെ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയി ആണ് വിദേശത്തിരുന്നുകൊണ്ട് സോഷ്യൽ മീഡിയ വഴിയും മറ്റും ഈ ശൃംഖലയെ നിയന്ത്രിക്കുന്നത്. വിപുലമായ പണമിടപാടുകളും പുതിയ ആളുകളെ സംഘത്തിലേക്ക് ചേർക്കുന്ന രീതിയും ഉള്ളതിനാൽ കാനഡയിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Bishnoi gang spreads fear in Canada; CBSA releases names of key leaders.





