ഒട്ടാവ: കാനഡയിലെ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഇറാഖ് ആസ്ഥാനമായുള്ള
സായുധ സംഘം ‘കതാഇബ് ഹെസ്ബൊല്ല’യെ ഉടൻ ഭീകര സംഘടനകളുടെ പട്ടികയിൽ പെടുത്തണമെന്ന് ആവശ്യവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് പിയർ പൊയ്ലിവ്രെയാണ് ഇത് സംബന്ധിച്ച് പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി അനന്ദസംഗരിക്ക് കത്തയച്ചത്. ടൊറന്റോയിലുള്ള അമേരിക്കൻ കോൺസുലേറ്റിനും ഒരു ജൂത പ്രാർത്ഥനാലയത്തിനും (സിനഗോഗ്) നേരെ നടന്ന ആക്രമണങ്ങളിൽ ഈ സംഘത്തിന് പങ്കുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പ്രതിപക്ഷം ഈ ആവശ്യം ശക്തമാക്കിയത്.
അമേരിക്കയിലും യൂറോപ്പിലുമായി ഇരുപതോളം ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിന് കതാഇബ് ഹെസ്ബൊല്ലയുടെ മുതിർന്ന നേതാവ് മൊഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദിക്കെതിരെ അമേരിക്കൻ കോടതി കുറ്റപത്രം നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ കനേഡിയൻ പൊലീസും വിഷയം ദേശീയ സുരക്ഷാ കേസാക്കി അന്വേഷണം തുടങ്ങി. രാജ്യത്ത് കൂടുതൽ ആക്രമണങ്ങൾ നടക്കുന്നതുവരെ കാത്തുനിൽക്കാതെ ഫെഡറൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെടുന്നത്.
2009 മുതൽ അമേരിക്ക കതാഇബ് ഹെസ്ബൊല്ലയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാനഡ ഇതുവരെ ഇവരെ ആ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഭീകര പട്ടികയിൽപ്പെടുത്തിയാൽ മാത്രമേ ഇവരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പിടിച്ചെടുക്കാനും, സംഘാംഗങ്ങൾ കാനഡയിൽ കടക്കുന്നത് തടയാനും സർക്കാരിന് സാധിക്കൂ. ഭീകരവാദത്തിനെതിരെ കനേഡിയൻ സർക്കാർ കർശന നടപടി എടുക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം, ഇറാൻ പിന്തുണയുള്ള ഇത്തരം സംഘടനകൾക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കണമെന്നും, രാജ്യത്തെ കുറ്റവാളി സംഘങ്ങളുമായി ഇവർക്കുള്ള ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Opposition calls for Kata'ib Hezbollah to be designated a terrorist organization in Canada.





