ഒട്ടാവ : കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിലെ നാലായിരത്തിലധികം വരുന്ന ഫ്ലൈറ്റ് അറ്റൻഡന്റുകൾ സമരം ആരംഭിച്ചതോടെ രാജ്യത്തെ വ്യോമഗതാഗതം കടുത്ത പ്രതിസന്ധിയിലായി. ജീവനക്കാരുടെ അപ്രതീക്ഷിത പണിമുടക്ക് മൂലം നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. മാനേജ്‌മെന്റും കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസും (CUPE) തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെ 12:01 മുതലാണ് സമരം ആരംഭിച്ചത്. സമരം കടുപ്പിച്ചതോടെ പ്രവിശ്യയിലുടനീളം നൂറുകണക്കിന് വിമാന സർവീസുകൾ വെസ്റ്റ്ജെറ്റ് റദ്ദാക്കി. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.
ജൂലൈ 30-ന് യൂണിയൻ 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകിയതിന് പിന്നാലെ ശനിയാഴ്ച വൈകുന്നേരം 3 മണിവരെ 276 സർവീസുകൾ റദ്ദാക്കിയതായി കാനഡയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റ് അറിയിച്ചു. യൂണിയന്റെ പണിമുടക്ക് നോട്ടീസിന് മറുപടിയായി 72 മണിക്കൂർ ലോക്കൗട്ട് നോട്ടീസ് കമ്പനിയും നൽകിയിരുന്നു. സർവീസുകൾ ഘട്ടംഘട്ടമായി നിർത്തിവെക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കുന്നതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
അതേസമയം, തൊഴിൽപരമായ ആവശ്യങ്ങളിൽ തുടക്കം മുതൽ കമ്പനിക്ക് വ്യക്തമായ സന്ദേശം നൽകിയിരുന്നതായി സി.യു.പി.ഇ 8125 പ്രസിഡന്റ് ആലിയ ഹുസൈൻ അറിയിച്ചു. ന്യായമായ കരാറിലെത്താൻ തങ്ങൾ പരമാവധി ശ്രമിച്ചെന്നും എന്നാൽ മാനേജ്‌മെന്റിന്റെ നിലപാട് പണിമുടക്കിലേക്ക് നയിക്കുകയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, യൂണിയൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ പരിഗണിച്ചുള്ള മികച്ച പാക്കേജാണ് തങ്ങൾ നിർദ്ദേശിച്ചതെന്നാണ് വെസ്റ്റ്ജെറ്റിന്റെ അവകാശവാദം.
വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഡ്യൂട്ടി ചെയ്യുന്ന സമയത്തെ വേതനവുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ പണിമുടക്കിലേക്ക് നയിച്ചത്. ചില ഗ്രൗണ്ട് ജോലികൾക്ക് വേതനം നൽകുന്നില്ലെന്നാണ് യൂണിയന്റെ ആരോപണം. എന്നാൽ ‘ക്രഡിറ്റ് അവർ’ സിസ്റ്റം അനുസരിച്ച് ഫ്ലൈറ്റ് സമയം, ഗ്രൗണ്ട് ജോലികൾ, സർവീസ് വൈകൽ എന്നിവയെല്ലാം ഉൾപ്പെടുത്തി ഉയർന്ന നിരക്കിലാണ് വേതനം നൽകുന്നതെന്ന് വെസ്റ്റ്ജെറ്റ് മറുപടി നൽകി. മാസം 80 മണിക്കൂർ ജോലി ചെയ്യുന്ന ക്രൂ അംഗങ്ങൾക്ക് 2,300 ഡോളർ മുതൽ 4,300 ഡോളർ വരെയാണ് കമ്പനി വേതനം നൽകുന്നത്.
ഇരുവിഭാഗങ്ങളും തമ്മിലുള്ള കൂട്ടായ ചർച്ചകളിൽ ഫെഡറൽ സർക്കാർ നേരിട്ട് ഇടപെടരുതെന്നും, സ്വതന്ത്രമായ ചർച്ചയിലൂടെ കരാറിലെത്താൻ അവസരമൊരുക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, പ്രശ്നം വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അറിയിച്ചിട്ടുണ്ട്.
WestJet flight attendant strike: Hundreds of flights canceled, passengers stranded
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




