മോൺട്രിയൽ: ക്യുബെക്കിൽ എറോട്ടിക് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾക്ക് ഇനി ആഴ്ചയിലെ എല്ലാ ദിവസവും രാത്രി 11 മണിവരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്ന പുതിയ ചട്ടവുമായി പ്രവിശ്യാ സർക്കാർ. ക്യുബെക് ഔദ്യോഗിക ഗസറ്റിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച കരട് ചട്ടപ്രകാരം, രാവിലെ 8 മുതൽ രാത്രി 11 വരെ വർഷത്തിലെ എല്ലാ ദിവസവും ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാകും. പുതിയ ചട്ടം ഓഗസ്റ്റ് പകുതിയോടെ പ്രാബല്യത്തിൽ വരും.
നിലവിൽ ക്യുബെക്കിലെ പല സെക്സ് ഷോപ്പുകൾക്കും പ്രവർത്തനസമയത്തിൽ നിയന്ത്രണങ്ങളുണ്ട്. ടൂറിസ്റ്റ് മേഖലകൾക്ക് പുറത്തുള്ള കടകൾക്ക് വാരാന്ത്യങ്ങളിൽ വൈകിട്ട് 5 മണിക്കും പ്രവൃത്തി ദിവസങ്ങളിൽ രാത്രി 9 മണിക്കും അടയ്ക്കേണ്ട സാഹചര്യമാണുള്ളത്. ഈ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം എറോട്ടിക് ഷോപ്പുകളുടെ സംഘടന,ല ഏകദേശം കഴിഞ്ഞ പത്ത് വർഷമായി സർക്കാരിന് മുന്നിൽ ഉന്നയിച്ചുവരികയായിരുന്നു.
ഈ ആവശ്യത്തെ തുടർന്ന് 2025 ഒക്ടോബറിൽ സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ സെക്സ് ഷോപ്പുകൾക്ക് എല്ലാ ദിവസവും രാത്രി 11 വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. ഈ പദ്ധതി നടപ്പിലാക്കിയതിന് ശേഷം വിൽപ്പനയിൽ ഏകദേശം 20 ശതമാനം വർധനയുണ്ടായതായി മോൺട്രിയലിൽ ആറ് ശാഖകളുള്ള ബൂട്ടിക് സെഡക്ഷൻ ശൃംഖലയുടെ പ്രസിഡന്റും സഹഉടമയുമായ എഡിത് ആർസനോ പറയുന്നു. ഭൂരിഭാഗം ഉപഭോക്താക്കളും വൈകിട്ട് 5 മുതൽ രാത്രി 10 വരെയുള്ള സമയത്താണ് എത്തുന്നതെന്നും, ദമ്പതികളാണ് പ്രധാന ഉപഭോക്താക്കളെന്നും അവർ പറയുന്നു.
ഓൺലൈൻ വ്യാപാരവുമായി മത്സരിക്കാനും ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ കാണിച്ചുകൊണ്ട് വിശദീകരണം നൽകികൊണ്ട് വിൽക്കാനുമുള്ള അവസരമാണ് ദീർഘിപ്പിച്ച പ്രവർത്തനസമയം ഒരുക്കിയിരിക്കുന്നതെന്നും ആർസനോ പറഞ്ഞു. ഓൺലൈനിൽ വാങ്ങുന്നതിനേക്കാൾ കടയിലെത്തി ഉൽപ്പന്നങ്ങൾ നേരിൽ കണ്ടശേഷം വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇപ്പോഴും കൂടുതലാണെന്നും അവർ കൂട്ടിച്ചേർത്തു.
ഓൺലൈൻ ഷോപ്പിങ്ങിന്റെ വർധിച്ച സ്വാധീനവും ഉപഭോക്താക്കളുടെ വാങ്ങൽ ശീലങ്ങളിലെ മാറ്റവും കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തതെന്ന് ക്യുബെക്കിന്റെ സാമ്പത്തിക, നവീകരണ, ഊർജ മന്ത്രാലയം അറിയിച്ചു. ഇടക്കാല വിലയിരുത്തലിൽ വ്യാപാരികളും ജീവനക്കാരും ഉപഭോക്താക്കളും ദീർഘിപ്പിച്ച പ്രവർത്തനസമയത്തിൽ സംതൃപ്തരാണെന്നും, മറ്റ് എറോട്ടിക് ഷോപ്പുകളും ഏകദേശം 20 ശതമാനം വിൽപ്പന വർധന റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ നടപടി സ്ഥിരമാക്കുന്നതിലൂടെ വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ വ്യക്തതയും പ്രവർത്തന സ്ഥിരതയും ലഭിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, മറ്റ് റീട്ടെയിൽ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കുന്നതിനുള്ള മറ്റൊരു പരീക്ഷണ പദ്ധതിയും ക്യുബെക്കിൽ തുടരുകയാണ്. വെറൈറ്റി ഫുഡ് വിൽക്കുന്ന കടകൾ, ബൂട്ടിക്കുകൾ, ഹാർഡ്‌വെയർ സ്റ്റോറുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, മാർക്കറ്റുകൾ എന്നിവയ്ക്ക് തിങ്കൾ മുതൽ ഞായർ വരെ രാവിലെ 6 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാൻ നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ അനുമതി നൽകിയിട്ടുണ്ട്. ഈ മാറ്റം വ്യാപാര മേഖലയിലും ഉപഭോക്തൃ ശീലങ്ങളിലും ഉണ്ടാക്കുന്ന സ്വാധീനം സർക്കാർ വിലയിരുത്തിവരികയാണെന്നാണ് റിപ്പോർട്ട്.
Relaxation of regulations for sex shops
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




