ഒട്ടാവ: പണപ്പെരുപ്പവും ജീവിതച്ചെലവും കുതിച്ചുയരുന്ന കാനഡയിൽ, സാധാരണക്കാരായ ജനങ്ങളുടെ പോക്കറ്റടിക്കുന്നതിൽ ഒന്നാമൻ ദൈനംദിന ആഹാരത്തിനുള്ള ‘ഗ്രോസറി’ ചെലവുകൾ തന്നെയാണ്. നറേറ്റീവ് റിസേർച്ച് നടത്തിയ ഏറ്റവും പുതിയ ദേശീയ സർവേയിലാണ് രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.
സർവേയിൽ പങ്കെടുത്ത 76 ശതമാനം ആളുകളും തങ്ങളുടെ കുടുംബ ബജറ്റിനെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഭക്ഷണസാധനങ്ങളുടെ വിലയാണെന്ന് വ്യക്തമാക്കി. പെട്രോൾ, ഗ്യാസ് ചെലവുകൾ 47 ശതമാനം ആളുകളെയും, വീട്ടുവാടകയും മോർട്ട്ഗേജും 33 ശതമാനം ആളുകളെയും കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനുപുറമെ വൈദ്യുതി ബിൽ, വീടിന്റെ അറ്റകുറ്റപ്പണികൾ, ഹീറ്റിംഗ് ചെലവുകൾ എന്നിവയും ജനങ്ങളിൽ വലിയ സാമ്പത്തിക ആശങ്കയുണ്ടാക്കുന്നു.
ദൈനംദിന ജീവിതത്തിന് അത്യാവശ്യമായ സാധനങ്ങൾക്കായി ജനങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക സമ്മർദ്ദം ഞെട്ടിക്കുന്നതാണെന്ന് നറേറ്റീവ് റിസേർച്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മാർഗരറ്റ് ചാപ്മാൻ വ്യക്തമാക്കി. സൈനിക പെൻഷനെ ആശ്രയിച്ച് ജീവിക്കുന്ന 66 വയസ്സുള്ള സ്റ്റീഫൻ ഹിൽസ് പറയുന്നത്, ഗ്രോസറി സ്റ്റോറുകളിലെ വില നിലവാരം കൈവിട്ടുപോയ അവസ്ഥയിലാണെന്നും തങ്ങളെപ്പോലുള്ള മുതിർന്ന പൗരന്മാർക്ക് ജീവിക്കാൻ കടുത്ത ബുദ്ധിമുട്ടാണെന്നുമാണ്.
രണ്ട് കുട്ടികളുടെ അമ്മയായ ഹന്ന ഗിഫിന്റെ അനുഭവവും വ്യത്യസ്തമല്ല. ഓരോ തവണ കടയിൽ പോകുമ്പോഴും വില കൂടിക്കൊണ്ടിരിക്കുകയാണെന്ന് അവർ പറയുന്നു. വാടകവീടും സ്റ്റുഡന്റ് ലോണും കാരണം പല ചെറുപ്പക്കാരും കുഞ്ഞുങ്ങൾ വേണ്ടെന്നുവെക്കുന്ന സ്ഥിതിവരെ എത്തിനിൽക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
G7 രാജ്യങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന ഭക്ഷ്യ പണപ്പെരുപ്പ നിരക്കാണ് (3.9%) കാനഡയിലുള്ളതെന്ന് ഡാൽഹൗസി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ സിൽവെയ്ൻ ചാർലെബോയിസ് ചൂണ്ടിക്കാണിക്കുന്നു. ചില സാധനങ്ങളുടെ വിലയിൽ ചെറിയ ആശ്വാസം കാണുന്നുണ്ടെങ്കിലും പന്നിയിറച്ചി, സാൽമൺ മീൻ, ആപ്പിൾ എന്നിവയ്ക്ക് ഇപ്പോഴും തീവിലയാണ്. വിലക്കയറ്റം പതുക്കെ ശാന്തമാകുന്നുണ്ടെങ്കിലും, ഈ കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് ഉടനെങ്ങും വലിയ ആശ്വാസം ലഭിക്കില്ലെന്ന ഭീതിയിലാണ് ഭൂരിഭാഗം കാനഡക്കാരും.
The single biggest household bill draining Canadians’ bank accounts right now
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





