സെന്റ് ജോൺസ്: 2025 ഓഗസ്റ്റിൽ വടക്കുകിഴക്കൻ ന്യൂഫൗണ്ട്‌ലാൻഡിലുണ്ടായ വിനാശകരമായ കാട്ടുതീയിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിൽ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അന്വേഷണം ഊർജ്ജിതമാക്കി. കോൻസെപ്ഷൻ ബേ നോർത്ത് മേഖലയിൽ മാത്രം ഇരുനൂറോളം കെട്ടിടങ്ങൾ നശിക്കുകയും നിരവധി കുടുംബങ്ങൾ തെരുവിലാകുകയും ചെയ്ത സംഭവത്തിലാണ് കനേഡിയൻ പൊലീസിന്റെ മേജർ ക്രൈംസ് യൂണിറ്റ് വിശദമായ അന്വേഷണം ആരംഭിച്ചത്. തീപിടിത്തത്തിന് പിന്നിൽ ബോധപൂർവ്വമായ ആക്രമണം ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ സ്ഥിരീകരിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളുള്ള സാക്ഷികൾ ഉടനടി പൊലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ ആഡം പാൽമർ സെന്റ് ജോൺസിൽ വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. നിലവിൽ കേസിൽ ചിലരെ ചോദ്യം ചെയ്തുവെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിന് കാരണക്കാരായവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊതുജനങ്ങളുടെ സഹായം അത്യാവശ്യമാണെന്നും, ഇതുവരെ സംസാരിക്കാൻ മടിച്ചവർ മുന്നോട്ടുവരണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.
കാട്ടുതീ ദുരന്തം വിതച്ച് ഒരു വർഷം പിന്നിടുമ്പോഴും ദുരിതബാധിതരായ 48 കുടുംബങ്ങൾക്ക് പ്രവിശ്യാ സർക്കാർ ഇപ്പോഴും പ്രതിമാസം സാമ്പത്തിക സഹായം നൽകിവരികയാണ്. കേസ് എന്ന് അവസാനിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നുണ്ടെന്ന് പാൽമർ വ്യക്തമാക്കി. ദുരന്തത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കാൻ സത്യം പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും അതിനാൽ സാക്ഷികളുടെ ഔദ്യോഗിക മൊഴി കേസിൽ നിർണായകമാണെന്നും പൊലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Mystery surrounds the 2025 Newfoundland wildfire disaster; RCMP seeking further evidence.






