ദുബായ്: പാകിസ്ഥാനിലെ ബിസിനസ്സ് സമൂഹത്തിന് യുഎഇ അപ്രഖ്യാപിത വിസ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. വ്യാപാരികൾക്കും നിക്ഷേപകർക്കും ഉൾപ്പെടെയുള്ളവർക്ക് വിസ ലഭിക്കുന്നില്ലെന്നും, ഇത് കയറ്റുമതിയെയും അന്താരാഷ്ട്ര വ്യാപാരത്തെയും സാരമായി ബാധിച്ചതായും പാകിസ്ഥാനിലെ വിവിധ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ, വിസ നിരോധനമില്ലെന്നും എല്ലാ വിഭാഗങ്ങൾക്കുമുള്ള അപേക്ഷകൾ പരിഗണിക്കുന്നുണ്ടെന്നുമാണ് യുഎഇ അധികൃതരുടെ ഔദ്യോഗിക നിലപാട്.
ഔദ്യോഗിക വിശദീകരണങ്ങൾ നിലനിൽക്കുമ്പോഴും പാകിസ്ഥാനിൽ നിന്നുള്ള ബിസിനസ്സ് യാത്രക്കാർക്ക് വിസ ലഭിക്കുന്നതിൽ വലിയ തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് ഫെഡറേഷൻ ഓഫ് പാകിസ്ഥാൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുൻ സെക്രട്ടറി ജനറൽ ഷാഹിദ് അൻവർ പറഞ്ഞു. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ വസ്തുവകകളുള്ളവർക്ക് പോലും വിസ ലഭിക്കുന്നില്ലെന്ന് റാവൽപിണ്ടി ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഉസ്മാൻ ഷൗക്കത്ത് ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട ബിസിനസ്സ് മീറ്റിംഗുകൾ മുടങ്ങുകയും അന്താരാഷ്ട്ര പ്രദർശനങ്ങൾ പലർക്കും നഷ്ടപ്പെടുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
പാകിസ്ഥാനിലെ സാൾട്ട് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ചെയർമാൻ ഇസ്മായിൽ സത്താർ ഉൾപ്പെടെയുള്ളവർ സമാനമായ ആശങ്ക ഉന്നയിച്ചു. നിയന്ത്രണങ്ങൾക്കുള്ള കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്ന് കറാച്ചി ചേംബർ ഓഫ് കൊമേഴ്സ് അംഗം സിയ ഉൾ അർഫീൻ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎഇ കോൺസൽ ജനറലിന് കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയുമായുള്ള പാകിസ്ഥാന്റെ പ്രതിരോധ കരാറിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായതായും, ഈ വർഷം ഏപ്രിലിൽ 3.5 ബില്യൺ ഡോളർ തിരികെ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
UAE’s undeclared visa restrictions: Report says it will hit Pakistan’s foreign trade
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





