ടൊറന്റോ: ബർലിംഗ്ടണിൽ യുവതിയെ രണ്ടുതവണ ലൈംഗികമായി അതിക്രമിച്ച കേസിൽ ഇന്ത്യൻ വംശജനായ 25-കാരൻ അറസ്റ്റിൽ. എറ്റോബിക്കോക്കിൽ താമസിക്കുന്ന യൂബർ റൈഡ്‌ഷെയർ ഡ്രൈവറുമായ പഞ്ചാബ് സ്വദേശി മൻദീപ് സിംഗ് ആണ് പിടിയിലായത്. ജൂലൈ 26-നാണ് ഹാൾട്ടൺ റീജിയണൽ പൊലീസ് സർവീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജൂൺ 16 വൈകുന്നേരം 5:15-ഓടെ ബർലിംഗ്ടൺ ഗോ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള പാർക്കിംഗ് ലോട്ടിൽ വെച്ചാണ് സംഭവം നടന്നത്. നടന്നുവന്ന യുവതിയുമായി സംസാരിക്കാൻ തുടങ്ങിയ ഇയാൾ അവിടെവെച്ച് ആദ്യമായി ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. തുടർന്ന് ഭയന്നുപോയ യുവതി അവിടെനിന്ന് രക്ഷപ്പെട്ട് തൊട്ടടുത്തുള്ള ഒരു സ്ഥാപനത്തിലേക്ക് മാറിയെങ്കിലും ഇയാൾ പിന്നാലെ ചെന്ന് അവിടെവെച്ചും രണ്ടാം തവണയും അതിക്രമം നടത്തി. അതിക്രമത്തിന് ഇരയായ യുവതിക്ക് ഗുരുതരമായ ശാരീരിക പരിക്കുകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.
ചൈൽഡ് അബ്യൂസ് ആൻഡ് സെക്ഷ്വൽ അസാൾട്ട് (CASA) യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ മൻദീപ് സിംഗിനെ തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ രണ്ട് ലൈംഗികാതിക്രമ കേസുകൾ ചുമത്തിയിട്ടുണ്ട്. മിൽട്ടണിൽ ബെയിൽ ഹിയറിംഗ് നടക്കുന്നത് വരെ ഇയാളെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
സംഭവസമയത്ത് ഇയാൾ യൂബർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അതിനാൽ തന്നെ ഇയാളിൽ നിന്ന് മറ്റ് സ്ത്രീകൾക്കോ യാത്രക്കാർക്കോ സമാനമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസിന് ആശങ്കയുണ്ട്. ഇയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളിൽ നിന്ന് അതിക്രമം നേരിട്ടവരോ അല്ലെങ്കിൽ കേസിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരോ ചൈൽഡ് അബ്യൂസ് ആൻഡ് സെക്ഷ്വൽ അസാൾട്ട് യൂണിറ്റിലോ ക്രൈം സ്റ്റോപ്പേഴ്സിലോ വിവരമറിയിക്കാൻ പോലീസ് അഭ്യർത്ഥിച്ചു.
25-year old Indian origin Uber driver arrested for sexual assault in Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






