ന്യൂയോർക്ക്: കാനഡയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം കൂട്ടുന്നതിനായി ഹോട്ടലുകൾ, ബ്രോഡ്‌വേ ഷോകൾ, വിമാന ടിക്കറ്റുകൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി. കനേഡിയൻ യാത്രക്കാരെ വീണ്ടും നഗരത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് “NYC’s Northern Neighbour Deal” എന്ന പേരിലാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 7 വരെയാണ് ഈ ഓഫർ ലഭിക്കുക. ഏസ് ഹോട്ടൽ, ഹാർഡ് റോക്ക് ഹോട്ടൽ തുടങ്ങിയ നഗരത്തിലെ നാല്പതിലധികം പ്രധാന ഹോട്ടലുകളിൽ യാത്രക്കാർക്ക് ഡിസ്‌കൗണ്ട് ലഭിക്കും. ഇതിനുപുറമെ ചിക്കാഗോ, അലാഡിൻ ഉൾപ്പെടെയുള്ള ഒമ്പത് ജനപ്രിയ ബ്രോഡ്‌വേ ഷോകളുടെ ടിക്കറ്റുകൾക്കും ഇളവുകളുണ്ട്. യാത്രാച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പോർട്ടർ എയർലൈൻസ് ഓഗസ്റ്റ് മുതൽ ഡിസംബർ പകുതി വരെയുള്ള വിമാന സർവീസുകൾക്ക് 20 ശതമാനം വരെ ടിക്കറ്റ് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറുകൾക്കുള്ള ബുക്കിങ് ഓഗസ്റ്റ് 4 മുതൽ ആരംഭിക്കും.
ന്യൂയോർക്ക് സന്ദർശിക്കുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികളിൽ ഏറ്റവും കൂടുതൽ എത്തുന്ന രാജ്യങ്ങളിൽ കാനഡയ്ക്ക് രണ്ടാം സ്ഥാനമാണുള്ളതെന്ന് ന്യൂയോർക്ക് സിറ്റി ടൂറിസം ആൻഡ് കൺവെൻഷൻസ് പ്രസിഡന്റ് ജൂലി കോക്കർ പറഞ്ഞു. 2019-ൽ പത്ത് ലക്ഷത്തോളം കനേഡിയൻ സഞ്ചാരികൾ ന്യൂയോർക്കിലെത്തിയിരുന്നെങ്കിലും അടുത്ത കാലത്തായി ഇത് എട്ട് ലക്ഷമായി കുറഞ്ഞിരുന്നു. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ കാരണം ഭൂരിഭാഗം കനേഡിയൻമാരും സ്വന്തം രാജ്യത്തിനുള്ളിൽ തന്നെ യാത്ര ചെയ്യാൻ തുടങ്ങിയ സാഹചര്യത്തിലാണ്, സഞ്ചാരികളെ തിരിച്ചെത്തിക്കാൻ ന്യൂയോർക്ക് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
US Courts Canadians; New York Launches Major Offers for Tourists – Here Are the Details!






