ഓട്ടവ: ഓട്ടവയിലും ഗാറ്റിനോയിലുമായി നടക്കുന്ന ഇന്റർനാഷണൽ ഫയർവർക്ക് ഉത്സവമായ ‘ലെ ഗ്രാൻഡ് ഫ്യൂ ഡു കാസിനോ ലാക്-ലേമി’യുടെ (Les Grands Feux du Casino Lac-Leamy) 29-ാം പതിപ്പ് ജൂലൈ 29 മുതൽ ആരംഭിക്കും. വരും ആഴ്ചകളിലെ ബുധൻ, ശനി ദിവസങ്ങളിലായി ആറ് രാത്രികളിൽ പ്രദർശനം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ജൂലൈ 29-ന് ആരംഭിക്കുന്ന ഉത്സവം ഓഗസ്റ്റ് 15-നാണ് അവസാനിക്കുന്നത്. പാര്ലമെന്റ് ഹില്ലിന്റെ പശ്ചാത്തലത്തിൽ ഓട്ടവ നദിയിലെ ബാര്ജിൽ നിന്നാണ് വെടിക്കെട്ട് നടത്തുന്നത്. രാത്രി 9:15-ന് ആരംഭിക്കുന്ന ഓരോ പ്രദർശനവും ഏകദേശം 25 മിനിറ്റ് നീണ്ടുനിൽക്കും.
കനേഡിയൻ മ്യൂസിയം ഓഫ് ഹിസ്റ്ററിയുടെ മൈതാനത്താണ് ഉത്സവത്തിന്റെ പ്രധാന വേദി സജ്ജീകരിച്ചിരിക്കുന്നത്. വെടിക്കെട്ട് പ്രധാന വേദിക്ക പുറമെ കിവേക്കി പോയിന്റ്, മേജർസ് ഹിൽ പാർക്ക് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നും കാണാനും കേൾക്കാനും സാധിക്കും.
ജൂലൈ 29-ന് ‘റോയൽ പൈറോടെക്നി’ അവതരിപ്പിക്കുന്ന ‘കാസിനോ റോയൽ’ പ്രമേയത്തിലുള്ള പരിപാടിയോടെയാണ് ഉത്സവം ആരംഭിക്കുന്നത്. തുടർന്ന് ഓഗസ്റ്റ് 1-ന് കാനഡ (ഒറിയോൺ പൈറോടെക്നിക്സ്), ഓഗസ്റ്റ് 5-ന് ഫ്രാൻസ് (പൈറാഗ്രിക് പൈറോടെക്നിക്സ്), ഓഗസ്റ്റ് 8-ന് ബ്രസീൽ (വിഷൻ ഷോ), ഓഗസ്റ്റ് 12-ന് ചൈന (ഡാൻസിങ് പൈറോടെക്നിക്സ്) എന്നീ രാജ്യങ്ങളുടെ പ്രദർശനങ്ങൾ നടക്കും.
ഓഗസ്റ്റ് 15-ന് നടത്തുന്ന ഗ്രാന്റ് ഫിനാലെയിൽ സൂപ്പർ ഹീറോകളെയും കായികതാരങ്ങളെയും സാധാരണക്കാരായ നായകന്മാരെയും ആദരിക്കുന്ന രീതിയിലുള്ള പ്രദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന വേദിയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി മാജിക്കൽ ഫോറസ്റ്റ്, ഭക്ഷണശാലകളും തത്സമയ സംഗീതവുമുള്ള പ്രോമുച്യുവൽ പ്ലാസ, പുതിയ ഇന്ററാക്ടീവ് ഇടമായ എഞ്ചാന്റഡ് ഹാവൻ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഉത്സവ വേദിയിലേക്ക് പ്രവേശിക്കുന്നതിന് ടിക്കറ്റ് നിർബന്ധമാണെന്നും ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാണെന്നും സംഘാടകർ വ്യക്തമാക്കി.
6 countries to light up the sky; 29th edition of ‘International Fireworks Festival’ to begin from July 29
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





