ഒട്ടാവ: കനേഡിയൻ സർക്കാരിന്റെ വോളന്ററി റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിക്കായി 9,100-ലധികം ഫെഡറൽ പൊതുസേവകർ അപേക്ഷ സമർപ്പിച്ചതായി റിപ്പോർട്ട്. അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. വോളന്ററി റിട്ടയർമെന്റ് അപേക്ഷകളുടെ അന്തിമ എണ്ണം അടുത്ത ആഴ്ച മാത്രമായിരിക്കും വ്യക്തമാകുകയെന്ന് ഭരണകൂടം അറിയിച്ചു. സാധാരണഗതിയിലുള്ള പെൻഷൻ വെട്ടിക്കുറവുകളില്ലാതെ സ്വമേധയാ വിരമിക്കാൻ യോഗ്യതയുള്ള 68,000 ജീവനക്കാർക്കാണ് പദ്ധതി പ്രകാരം അവസരമുണ്ടായിരുന്നത്.
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൊതുസേവന മേഖലയിൽ 4.5 ശതമാനം തസ്തികകൾ അഥവാ 16,000 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് 2025-ലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഈ വിരമിക്കൽ ആനുകൂല്യ പദ്ധതി നടപ്പിലാക്കുന്നത്. ജൂലൈ 21 വരെയുള്ള സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 6,581 ജീവനക്കാർ പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയതായും 25 പേരുടെ അപേക്ഷകൾ നിരസിച്ചതായും സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
തൊഴിൽ സേനയിലെ വെട്ടിക്കുറവുകൾ പരമാവധി ജീവനക്കാരുടെ സ്വാഭാവിക വിരമിക്കലിലൂടെയും സ്വമേധയാ ഉള്ള ഒഴിവാകലിലൂടെയും മാനുഷിക മൂല്യങ്ങൾ മുൻനിർത്തി കൈകാര്യം ചെയ്യുമെന്നും പദ്ധതിയിലെ പങ്കാളിത്തം പ്രതീക്ഷ നൽകുന്നതാണെന്നും ട്രഷറി ബോർഡ് പ്രസിഡന്റിന്റെ ഓഫീസിനു വേണ്ടി വക്താവ് മുഹമ്മദ് കമാൽ അറിയിച്ചു. വിവിധ വകുപ്പുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങൾക്കുള്ള സേവനങ്ങളെയും ബാധിക്കില്ലെന്ന് വ്യക്ത വരുത്തി മാത്രമായിരിക്കും ലഭിച്ച അപേക്ഷകളിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് ട്രഷറി ബോർഡ് സെക്രട്ടേറിയറ്റും വ്യക്തമാക്കി.
എന്നാൽ പ്രൊഫഷണൽ പരിചയവും അനുഭവസമ്പത്തുമുള്ള ജീവനക്കാരുടെ വിരമിക്കൽ സർക്കാരിന്റെ ഭാവി നയരൂപീകരണത്തെയും പ്രധാന പദ്ധതികളുടെ നടത്തിപ്പിനെയും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് ആൻഡ് ഡെമോക്രസി വൈസ് പ്രസിഡന്റ് സഹീർ ഖാൻ വിലയിരുത്തി. ഇതിനിടെ സർക്കാരിന്റെ പുതിയ പദ്ധതിക്കെതിരെ പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി പബ്ലിക് സർവീസും പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡയും ഫെഡറൽ ലേബർ റിലേഷൻസ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.
Retirement Benefit Plan: More than 9,100 federal employees reportedly submitted applications
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





