റെഡ് ഡിയർ: കാർ ഡീലർഷിപ്പ് ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത കേസിൽ 33 വയസ്സുള്ള ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 11:26-ഓടെ ആൽബർട്ടയിലെ റെഡ് ഡിയർ നഗരത്തിലാണ് സംഭവം നടന്നത്. കവർച്ചയ്ക്ക് ശേഷം അതിവേഗത്തിൽ വാഹനം ഓടിച്ചുപോയ പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവിനിടെയാണ് സംഭവം നടന്നതെന്ന് RCMP വ്യക്തമാക്കി. ഡീലർഷിപ്പ് ജീവനക്കാരനൊപ്പം യാത്ര ചെയ്ത പ്രതി, ഡ്രൈവിന്റെ അവസാനഘട്ടത്തിൽ തോക്ക് കാണിച്ച് ജീവനക്കാരനോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാരൻ ഇറങ്ങിയ ഉടൻ പ്രതി കാറുമായി കടന്നുകളഞ്ഞു. തുടര്‍ന്ന് ജീവനക്കാരന്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസിന്റെ വിവിധ വിഭാഗങ്ങൾ നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയും വാഹനം തിരിച്ചുപിടിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കില്ല. പ്രതിക്കെതിരെ ആയുധം ഉപയോഗിച്ചുള്ള കവർച്ച, അപകടകരമായ രീതിയിൽ ആയുധം കൈവശം വെക്കൽ, വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Car hijacked at gunpoint during test drive: 33-year-old arrested in Red Deer.






