അമേരിക്കയിൽ പഠനം സ്വപ്നം കാണുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് ആശങ്കയുണർത്തുന്ന വീസാ പരിഷ്‌കാരങ്ങളുമായി യുഎസ്. വിദ്യാർഥികൾക്കും വിദ്യാഭ്യാസ-സാംസ്‌കാരിക എക്സ്ചേഞ്ച് പദ്ധതികളിലൂടെ എത്തുന്നവർക്കും മാധ്യമപ്രവർത്തകർക്കുമുള്ള വീസാ നിബന്ധനകളിലാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് മാറ്റങ്ങൾ പ്രഖ്യാപിച്ചത്. പുതിയ ചട്ടങ്ങൾ പ്രകാരം എഫ് (F), ജെ (J) വിഭാഗം വീസകളുടെ പരമാവധി കാലാവധി നാല് വർഷമാക്കി നിജപ്പെടുത്തി. പഠനം പൂർത്തിയാക്കിയ ശേഷം രാജ്യത്ത് തുടരാൻ ലഭിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പീരിയഡും ഇനി 30 ദിവസമായി കുറയും.
ഈ മാറ്റം പുതിയ അപേക്ഷകരെ മാത്രമല്ല, നിലവിൽ അമേരിക്കയിൽ പഠിക്കുന്ന വിദ്യാർഥികളെയും ബാധിക്കുമെന്നാണ് സൂചന. ഇതുവരെ വിദ്യാർഥി പദവി നിലനിൽക്കുന്നിടത്തോളം എഫ്, ജെ വിഭാഗം വീസയുള്ളവർക്ക് യുഎസിൽ തുടരാനായിരുന്നു അനുമതി. കോഴ്‌സ് പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായാൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അനുമതിയോടെ കാലാവധി ദീർഘിപ്പിക്കാനും സാധിച്ചിരുന്നു. പഠനം കഴിഞ്ഞ ശേഷമുള്ള 60 ദിവസത്തിനിടെ ജോലി കണ്ടെത്തുകയോ മറ്റൊരു കോഴ്‌സിലേക്ക് പ്രവേശിക്കുകയോ ചെയ്യാനുള്ള അവസരവും ലഭിച്ചിരുന്നു. എന്നാൽ പുതിയ ചട്ടം പ്രാബല്യത്തിൽ വന്നാൽ നാല് വർഷം പിന്നിടുന്നവർക്ക് കൂടുതൽ കാലം അമേരിക്കയിൽ തുടരാൻ യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ പ്രത്യേക അനുമതി തേടേണ്ടിവരും. അതേസമയം മാധ്യമപ്രവർത്തകർക്കുള്ള ഐ (I) വിഭാഗം വീസയുടെ കാലാവധി 240 ദിവസമായി പരിമിതപ്പെടുത്തിയതോടൊപ്പം ചൈനീസ് പൗരന്മാർക്കുള്ള വീസ 90 ദിവസമായി കുറച്ചിട്ടുണ്ട്.
കുടിയേറ്റ സംവിധാനത്തിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നയം നടപ്പാക്കുന്നതെന്നാണ് യുഎസ് അധികൃതരുടെ വിശദീകരണം. 2025 ജനുവരിയിലെ കണക്കുകൾ പ്രകാരം മൂന്ന് ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിൽ പഠിക്കുന്നുണ്ട്. 2024-ൽ മാത്രം 90,129 ഇന്ത്യക്കാർക്ക് എഫ് വീസയും 15,208 പേർക്ക് ജെ വീസയും 426 പേർക്ക് ഐ വീസയും അനുവദിച്ചിരുന്നു. ഉപരിപഠനത്തിനൊപ്പം തൊഴിലും പിന്നീട് സ്ഥിരതാമസവും ലക്ഷ്യമിടുന്ന വലിയൊരു വിഭാഗം ഇന്ത്യൻ വിദ്യാർഥികളുടെ ഭാവി പദ്ധതികളെ പുതിയ വ്യവസ്ഥകൾ സ്വാധീനിച്ചേക്കുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ 15 മുതൽ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. ഈ വർഷത്തെ പ്രവേശന നടപടികളെ കാര്യമായി ബാധിക്കില്ലെങ്കിലും, അടുത്ത അധ്യയന വർഷം മുതൽ അമേരിക്കയ്ക്ക് പകരം മറ്റ് രാജ്യങ്ങളിലെ പഠനാവസരങ്ങൾ വിദ്യാർഥികൾ കൂടുതൽ പരിഗണിക്കാൻ സാധ്യതയുണ്ടെന്നും വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Major overhaul of US student visas; new rule takes effect on September 15.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






