മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ടാറ്റാ നിക്ഷേപ പരാമർശത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ ഒടുവിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ രംഗത്ത്. ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായി കേരളത്തിലേക്ക് വരാൻ സാധ്യതയുള്ള ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടി രൂപ എന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചതെന്ന് സർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചു എന്ന് അതിനർത്ഥമില്ലെന്നും സർക്കാർ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
രാജ്യത്തെ പ്രമുഖ കപ്പൽ നിർമ്മാണ-സമുദ്ര വ്യവസായ കേന്ദ്രമായി കേരളത്തെ വികസിപ്പിക്കുക എന്ന സർക്കാരിന്റെ ദീർഘകാല കാഴ്ചപ്പാടാണ് മുഖ്യമന്ത്രി ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചതെന്നാണ് വിശദീകരണം. വരും വർഷങ്ങളിൽ വിവിധ പദ്ധതികളിലൂടെയും വ്യത്യസ്ത നിക്ഷേപകരിലൂടെയും സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന മൊത്തം തുകയാണ് പരാമർശിക്കപ്പെട്ടത്. കപ്പൽ നിർമ്മാണ മേഖലയിലെ നിക്ഷേപ സാധ്യതകൾ മുന്നിൽക്കണ്ടുള്ള പദ്ധതികളുടെ പൊതുവായ രൂപരേഖയാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചതെന്നും സർക്കാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചു എന്ന തരത്തിൽ വന്ന വാർത്തകൾ ടാറ്റ ഗ്രൂപ്പ് തന്നെ നേരത്തെ നിഷേധിച്ചിരുന്നു. തങ്ങൾക്ക് നിലവിൽ ഒരിടത്തും കപ്പൽ നിർമ്മാണ പദ്ധതികൾ ഇല്ലെന്ന ടാറ്റയുടെ വിശദീകരണം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിവാദ തണുപ്പിക്കാൻ വിശദീകരണവുമായി സർക്കാർ പ്രസ്താവനയിറക്കിയത്.
10,000 crores does not belong to Tata! Government finally clarifies on CM’s ‘Tata’ controversy
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





