2026 ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിന്റെ അപരാജിത കുതിപ്പിന് തടയിട്ട് സ്പെയിൻ ഫൈനലിലേക്ക് മാർച്ച് ചെയ്യുമ്പോൾ ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത് അവരുടെ അതിശയിപ്പിക്കുന്ന സംഘശക്തിയെക്കുറിച്ചാണ്. കൗമാര വിസ്മയം ലാമിൻ യമാലിന്റെ തിളക്കത്തിനപ്പുറം, ടീമിലെ ഓരോ കളിക്കാരന്റെയും മികച്ച പ്രകടനമാണ് സ്പെയിനിന് ചരിത്ര വിജയം സമ്മാനിച്ചത്. സൂപ്പർ താരം കിലിയൻ എംബാപ്പെ അടക്കമുള്ള കരുത്തരായ ഫ്രഞ്ച് ആക്രമണനിരയെ പൂർണ്ണമായും ആയുധം വെച്ചു കീഴടക്കാൻ സ്പാനിഷ് പടയ്ക്ക് സാധിച്ചു. വമ്പൻ പേരുകളിലല്ല, മറിച്ച് കളിക്കളത്തിലെ ഒത്തൊരുമയിലാണ് കാര്യമെന്ന് തെളിയിച്ചാണ് സ്പെയിൻ ഇപ്പോൾ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
ടൂർണമെന്റിൽ ആകെ ഒരു ഗോൾ മാത്രമുള്ള ലാമിൻ യമാലിന് പുറമെ, സ്പെയിനിന്റെ ‘സൈലന്റ് കില്ലർ’ മിക്കേൽ ഒയർസബാലിന്റെ പ്രകടനമാണ് ടീമിന് കരുത്തായത്. മുൻപ് കാബോ വെർദെക്കെതിരായ മത്സരത്തിൽ 30 മിനിറ്റോളം പന്ത് കിട്ടാതെ നിരാശപ്പെടേണ്ടി വന്ന ഒയർസബാൽ, ഇന്നിതാ ഒരു ലോകകപ്പിൽ അഞ്ച് ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം സ്പാനിഷ് താരമെന്ന റെക്കോർഡിലേക്ക് എത്തിയിരിക്കുന്നു. പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ ഏറ്റവും വിശ്വസ്തനായ ആയുധമായി ഒയർസബാൽ മാറിക്കഴിഞ്ഞു. ഇവർക്കൊപ്പം പ്രതിരോധ താരം പെഡ്രോ പോറോയുടെ പ്രകടനവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരാഴ്ച മുൻപ് വരെ ദേശീയ ടീമിനായി ഒരൊറ്റ ഗോൾ പോലുമില്ലാതിരുന്ന പോറോ, ഓസ്ട്രിയക്കെതിരായ മത്സരത്തിൽ കന്നി ഗോൾ കുറിച്ചതിന് പിന്നാലെ ഫ്രാൻസിനെതിരെയും മിന്നും ഗോൾ നേടി സ്പെയിനിന്റെ വിജയമുറപ്പിച്ചു.
ടൂർണമെന്റിലുടനീളം കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് വെറും ഒരൊറ്റ ഗോൾ മാത്രം വഴങ്ങിയ സ്പാനിഷ് പ്രതിരോധ നിരയാണ് സ്പെയിനിന്റെ യഥാർത്ഥ കരുത്ത്. അയ്മെറിക് ലപ്പോർട്ടെയുടെ പരിചയസമ്പത്തും മാർക് കുക്രേയയുടെ പോരാട്ടവീര്യവും കൗമാരക്കാരൻ പൗ കുബാർസിയുടെ യുവരക്തവും ചേർന്ന പ്രതിരോധ നിരയ്ക്ക് മുന്നിൽ ഫ്രഞ്ച് സൂപ്പർതാരങ്ങൾ നിഷ്പ്രഭരായി. ഇതിനെല്ലാം പുറമെ, ഗോൾപോസ്റ്റിന് മുന്നിൽ അനാവശ്യ സാഹസങ്ങൾക്കൊന്നും മുതിരാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ച ഗോൾകീപ്പർ ഉനായ് സിമോൺ കൂടിയായപ്പോൾ ഒരു ചാമ്പ്യൻ ടീമിന് വേണ്ട എല്ലാ ചേരുവകളും ചേർന്ന തികവുറ്റ സംഘമായി സ്പെയിൻ മാറി.
Spanish unity crushed the French team; Spain proves that it’s not about big names, but about the game
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





