അറ്റ്ലാന്റ: ഫുട്ബോൾ ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന ആ മഹാ പോരാട്ടത്തിന് ഒടുവിൽ സമയമായി. 2026 ലോകകപ്പിന്റെ സെമി ഫൈനൽ വേദിയിൽ ബുധനാഴ്ച അർജന്റീനയും ഇംഗ്ലണ്ടും വീണ്ടും നേർക്കുനേർ വരികയാണ്. വെറുമൊരു ഫുട്ബോൾ കളി എന്നതിനപ്പുറം രാഷ്ട്രീയം, യുദ്ധം, പ്രതികാരം, മാന്ത്രിക കളിമികവ് എന്നിവയെല്ലാം ചേർന്നതാണ് ഈ വൻകരകൾ കടന്ന ക്ലാസിക് വൈരം. നീണ്ട 24 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പ് വേദിയിൽ ഇരുടീമുകളും വീണ്ടും കൊമ്പുകോർക്കുന്നത് എന്നതിനാൽ അറ്റ്ലാന്റയിലെ പുൽമൈതാനത്ത് വീണ്ടുമൊരു ചോരത്തിളപ്പിന്റെ ചരിത്രം ആവർത്തിക്കുമെന്ന ഉറപ്പിലാണ് ആരാധകർ.
ഫുട്ബോളിൽ ഇന്ന് നമ്മൾ കാണുന്ന മഞ്ഞ, ചുവപ്പ് കാർഡുകളുടെ ജനനത്തിന് പിന്നിൽപ്പോലും ഒരു അർജന്റീന-ഇംഗ്ലണ്ട് മത്സരത്തിന്റെ കഥയുണ്ട്. 1966 ലോകകപ്പ് ക്വാർട്ടറിൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നതിനിടെ അർജന്റീന നായകൻ അന്തോണിയോ റാറ്റിനെ റഫറി പുറത്താക്കി. കളംവിടാൻ കൂട്ടാക്കാത്ത റാറ്റിൻ റഫറിയോട് തർക്കിക്കുകയും, കോർണർ ഫ്ലാഗ് തകർക്കുകയും, എലിസബത്ത് രാജ്ഞിക്ക് വേണ്ടി വിരിച്ച രാജകീയ പരവതാനിയിൽ പ്രതിഷേധിച്ചു കുത്തിയിരിക്കുകയും ചെയ്തു. അന്ന് കളിക്കാരെ നിയന്ത്രിക്കാൻ കാർഡുകൾ കാണിക്കുന്ന രീതിയുണ്ടായിരുന്നില്ല. ഈ നാടകീയ രംഗങ്ങളാണ് പിന്നീട് കളിക്കാരെ നിയന്ത്രിക്കാൻ മഞ്ഞ, ചുവപ്പ് കാർഡുകൾ വേണമെന്ന ചിന്തയിലേക്ക് ഫിഫയെ എത്തിച്ചത്. വർഷങ്ങൾക്ക് ശേഷം ലിയോണൽ മെസി കറുത്ത ആം ബാൻഡണിഞ്ഞ് കളത്തിലിറങ്ങിയത് ഇതേ റാറ്റിന്റെ പത്താം നമ്പറിന്റെ ഓർമ്മയിലായിരുന്നു.
കളിക്കളത്തിന് പുറത്ത് തെക്കൻ അറ്റ്ലാന്റിക്കിലെ ‘ഫോക്ലാൻഡ്’ ദ്വീപിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ 74 ദിവസം നീണ്ട രക്തരൂക്ഷിതമായ യുദ്ധം നടന്നിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ തന്ത്രങ്ങൾക്ക് മുന്നിൽ അർജന്റീനയ്ക്ക് അന്ന് തോൽവി സമ്മതിക്കേണ്ടി വന്നു. ആ രാഷ്ട്രീയപ്പകയുടെ കനലുകൾ ആളിക്കത്തിയത് 1986-ലെ മെക്സിക്കോ സിറ്റി ലോകകപ്പ് ക്വാർട്ടറിലായിരുന്നു. അന്ന് അർജന്റീനയുടെ പത്താം നമ്പർ കുപ്പായമിട്ട് ഡീഗോ അർമാൻഡോ മറഡോണ എന്ന ഇതിഹാസം അവതരിപ്പിച്ചത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ മാന്ത്രികതയായിരുന്നു. ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെ വായുവിൽ മറികടന്ന് കൈകൊണ്ട് തട്ടിയിട്ട ആ ഗോളിനെ ലോകം ‘ദൈവത്തിന്റെ കൈ’ എന്ന് വിളിച്ചു. ഫോക്ലാൻഡിൽ മരിച്ചുവീണ തങ്ങളുടെ സാധാരണക്കാരായ ആൺകുട്ടികൾക്ക് വേണ്ടിയുള്ള യുദ്ധമായിരുന്നു അതെന്നാണ് മത്സരശേഷം മറഡോണ വിശേഷിപ്പിച്ചത്.
ദൈവത്തിന്റെ കൈ ഗോളിൽ ഇംഗ്ലീഷുകാർ ഒച്ചവെച്ചു തീരും മുൻപേ, വെറും നാല് മിനിറ്റിനുള്ളിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഗോൾകീപ്പറെയും ഡ്രിബിൾ ചെയ്ത് വെട്ടിച്ച് മറഡോണ നേടിയത് ‘നൂറ്റാണ്ടിന്റെ ഗോൾ’ ആയിരുന്നു. കാലം കടന്നുപോയപ്പോൾ ഈ വൈരത്തിന്റെ തീവ്രതയ്ക്ക് മാറ്റം വന്നു. 1998 ലോകകപ്പിൽ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാം ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ അർജന്റീന ഷൂട്ടൗട്ടിൽ ജയിച്ചുകയറി. എന്നാൽ 2002 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയ്ക്കെതിരെ പെനാൽറ്റിയിലൂടെ ഒറ്റ ഗോൾ നേടി ബെക്കാം ആ ക്ഷീണം തീർത്തു. ഇപ്പോൾ 24 വര്ഷത്തിനുശേഷം ലോകകപ്പില് വീണ്ടുമൊരു ഇംഗ്ലണ്ട്-അര്ജന്റീന പോരാട്ടം വരുമ്പോൾ കളിത്തട്ടിൽ ഇനിയെന്തെല്ലാം നാടകീയ മുഹൂർത്തങ്ങളാണ് പിറക്കുകയെന്ന് കാത്തിരുന്ന് കാണാം.
This is not just a game, it’s war! Will history repeat itself with another bloodbath on the lawn of Atlanta?
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





