കാൽഗറി : ഒക്ടോബറിൽ നടക്കാനിരിക്കുന്ന ആൽബെർട്ട റഫറണ്ടത്തിൽ (ഹിതപരിശോധന) താൽക്കാലിക ജീവനക്കാരാകാൻ ഒരു മാസത്തിനിടെ ഇരുപതിനായിരത്തിലധികം (20,000) ആളുകൾ അപേക്ഷിച്ചതായി ഇലക്ഷൻസ് ആൽബെർട്ട അറിയിച്ചു. കുറഞ്ഞത് 60,000 പേരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിക്രൂട്ട്‌മെന്റ് കാമ്പയിൻ ആരംഭിച്ചത്. അപേക്ഷകരുടെ യോഗ്യത പരിശോധിച്ചു വരികയാണെന്നും തെരഞ്ഞെടുക്കപ്പെട്ടവരെ വരും ദിവസങ്ങളിൽ വിവരമറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 19-നകം ആവശ്യമായ തസ്തികകളിലേക്ക് മുഴുവൻ ആളുകളെയും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇലക്ഷൻസ് ആൽബെർട്ട വക്താവ് മായ ഹൻറഹാൻ അറിയിച്ചു.
വലിയ നഗരങ്ങൾക്ക് പുറത്തുള്ള ഗ്രാമീണ മേഖലകളിൽ നിന്നുള്ള ജീവനക്കാരെ കണ്ടെത്തുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്. കുറഞ്ഞ ജനസംഖ്യയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ നിന്ന് അപേക്ഷകർ കുറയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണിത്. റേഡിയോ, ഓൺലൈൻ മാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങൾക്ക് പുറമെ, പ്രാദേശിക തദ്ദേശ സ്ഥാപനങ്ങളുമായും സംഘടനകളുമായും ബന്ധപ്പെട്ട് ആളുകളെ കണ്ടെത്താൻ റിട്ടേണിങ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കാനഡയിലെ റഫറണ്ടം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ശ്രമങ്ങളിലൊന്നാണിത്. ഇതിന് മുൻപ് 1995-ലെ ക്യൂബെക്ക് റഫറണ്ടത്തിൽ 57,000 താൽക്കാലിക ജീവനക്കാരെ നിയോഗിച്ചിരുന്നു.
പ്രവിശ്യയിലെ നിയമപ്രകാരം ബാലറ്റുകൾ മുഴുവൻ കൈകൊണ്ട് എണ്ണേണ്ടതിനാലാണ് ഇത്രയധികം ജീവനക്കാരെ ആവശ്യമായി വരുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ അനൗദ്യോഗിക ഫലങ്ങൾ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. 10 ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന 45 മില്യൺ പ്രത്യേക കളർ കോഡഡ് ബാലറ്റുകളാണ് ഇലക്ഷൻസ് അൽബെർട്ട അച്ചടിക്കുന്നത്. കാനഡയിൽ നിന്ന് വേർപെടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പുറമെ കുടിയേറ്റം, ഭരണഘടന എന്നിവയുമായി ബന്ധപ്പെട്ട മറ്റ് ഒൻപത് ചോദ്യങ്ങളും ബാലറ്റിലുണ്ടാകും. 16 വയസ്സ് തികഞ്ഞ, കാനഡയിൽ ജോലി ചെയ്യാൻ യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാമെന്നും പരിശീലന കാലയളവിലേക്കും ജോലി ചെയ്യുന്ന മണിക്കൂറുകൾക്കും കൃത്യമായ വേതനം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
Alberta referendum: Elections Board looking for 60,000 employees, mega recruitment in rural areas!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





