കുട്ടികളെയും കൗമാരക്കാരെയും അമിതമായി സോഷ്യല്‍ മീഡിയയ്ക്ക് അടിമപ്പെടുത്തുന്ന രീതിയിലാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍. വിരലുകള്‍ കൊണ്ട് അനന്തമായി സ്‌ക്രോള്‍ ചെയ്യുന്ന ഇന്‍ഫിനിറ്റ് സ്‌ക്രോള്‍, തനിയെ പ്ലേ ആകുന്ന വീഡിയോകള്‍, അമിതമായി വ്യക്തിഗതമാക്കിയ ശുപാര്‍ശകള്‍ എന്നിവ ഉപയോക്താക്കളുടെ തലച്ചോറിനെ ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റുകയും മോശം ശീലങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതായി ഇ.യു കണ്ടെത്തുന്നു. ഉപയോക്താക്കളുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് ഇത്തരം ഫീച്ചറുകള്‍ ഭീഷണിയാണെന്ന് വ്യക്തമാക്കിയ യൂറോപ്യന്‍ കമ്മീഷന്‍, ഇവ ബൈ ഡിഫോള്‍ട്ടായി ഓഫ് ചെയ്തു വെക്കാന്‍ മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിജിറ്റല്‍ സര്‍വീസസ് ആക്ട് (DSA) പ്രകാരം നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് യൂറോപ്യന്‍ കമ്മീഷന്‍ മെറ്റാ കമ്പനിക്കെതിരെ കര്‍ശന നടപടിയുമായി രംഗത്തെത്തിയത്. നിലവില്‍ മെറ്റാ നല്‍കുന്ന ടൈം മാനേജ്മെന്റ് ടൂളുകള്‍ വളരെ എളുപ്പത്തില്‍ അവഗണിക്കാന്‍ സാധിക്കുന്നതാണെന്നും, സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഇവ കൈകാര്യം ചെയ്യാന്‍ പ്രയാസമാണെന്നും ഇ.യു ടെക് ചീഫ് ഹെന്ന വിര്‍ക്കുനെന്‍ വിമര്‍ശിച്ചു. ഈ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 6 ശതമാനം വരെ കനത്ത പിഴയായി ഈടാക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ്.
അതേസമയം, യൂറോപ്യന്‍ കമ്മീഷന്റെ ഈ കണ്ടെത്തലുകളോട് മെറ്റാ വക്താവ് ശക്തമായി വിയോജിച്ചു. കൗമാരക്കാരുടെ സുരക്ഷയ്ക്കായി തങ്ങള്‍ സ്വീകരിച്ചിട്ടുള്ള നിര്‍ണായകമായ സുരക്ഷാ നടപടികളെ കമ്മീഷന്‍ കണക്കിലെടുത്തിട്ടില്ലെന്ന് മെറ്റാ ആരോപിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ രാത്രി കാലങ്ങളില്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും സ്‌ക്രീന്‍ ടൈം ദിവസേന 15 മിനിറ്റായി പരിമിതപ്പെടുത്താനും മാതാപിതാക്കള്‍ക്ക് അധികാരം നല്‍കുന്ന ‘ടീന്‍ അക്കൗണ്ടുകള്‍’ ഇതിനകം തന്നെ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം. നിലവിലെ കണ്ടെത്തലുകള്‍ താല്‍ക്കാലികം മാത്രമാണെന്നും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ മെറ്റായ്ക്ക് ഇ.യു അവസരം നല്‍കിയിട്ടുമുണ്ട്.
European Union warns Facebook and Instagram; asks them to turn off infinite scroll and autoplay
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





