എഡ്മന്റൺ: ആൽബർട്ട സർക്കാർ പ്രഖ്യാപിച്ച 100 ഡോളർ എനർജി റിബേറ്റ് പദ്ധതിയുടെ അപേക്ഷാ നടപടികളിലെ കടുത്ത നിബന്ധനകൾക്കെതിരെ ജനങ്ങൾക്കിടയിൽ സ്വകാര്യതാ ആശങ്ക ശക്തമാകുന്നു. പദ്ധതി ആനുകൂല്യത്തിനായി സോഷ്യൽ ഇൻഷുറൻസ് നമ്പർ (SIN), നികുതി വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് രേഖകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കൈമാറേണ്ടി വരുന്നതാണ് വലിയ രീതിയിലുള്ള സുരക്ഷാ ചോദ്യങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.
വാർഷിക കുടുംബവരുമാനം 2,25,000 ഡോളറോ അതിൽ താഴെയോ ഉള്ള ആൽബർട്ട നിവാസികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റ് (Alberta.ca) വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. ‘ഇന്ററാക്’ (Interac) സംവിധാനം വഴി ബാങ്ക് മുഖേനയോ, അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസും സെൽഫി ചിത്രവും സമർപ്പിച്ചോ തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കണമെന്നത് അപേക്ഷാ പ്രക്രിയ സങ്കീർണ്ണമാക്കുന്നുവെന്നും ആക്ഷേപമുണ്ട്. ആൽബർട്ട വോട്ടർ രജിസ്ട്രിയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവര ചോർച്ചയാണ് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നത്. വിവര സുരക്ഷ മുൻനിർത്തി ചില നിവാസികൾ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്.
എന്നാൽ, സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും പൊതുപണം കൃത്യമായി അർഹരിലേക്ക് എത്തിക്കുന്നതിനുമാണ് ഇത്തരം പരിശോധനകൾ നടത്തുന്നതെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. മൊത്തം 350 മില്യൺ ഡോളർ ചെലവഴിക്കുന്ന പദ്ധതിയായതിനാൽ ഗുണഭോക്താക്കളുടെ അർഹത ഉറപ്പാക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അർഹത പരിശോധിക്കാൻ വിവരങ്ങൾ ശേഖരിക്കുന്നത് സ്വാഭാവികമാണെങ്കിലും, എല്ലാ വ്യക്തിഗത വിവരങ്ങളും ഒരിടത്ത് കേന്ദ്രീകരിക്കുന്നത് സുരക്ഷാ ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ പ്രൊഫ. ടോം കീനൻ ചൂണ്ടിക്കാട്ടി. അതേസമയം, പദ്ധതി ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 3.55 ലക്ഷത്തിലധികം പേർ വിജയകരമായി അപേക്ഷ സമർപ്പിച്ചതായും സാങ്കേതിക തടസ്സങ്ങൾ നേരിടുന്നവർക്ക് പരിഹാരം കാണുമെന്നും ട്രഷറി ബോർഡ് ആൻഡ് ഫിനാൻസ് മന്ത്രാലയം അറിയിച്ചു. 2026 സെപ്റ്റംബർ 30 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Energy Rebate Program: People in Alberta express dissatisfaction with conditions in the application process.






