തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്താനും തുടര്‍ അപകടങ്ങള്‍ ഒഴിവാക്കാനുമുള്ള നിര്‍ദേശങ്ങള്‍ക്കുമായി പ്രത്യേക ‘പോസ്റ്റ് ആക്‌സിഡൻ്റ് ഇന്‍വസ്റ്റിഗേഷന്‍ ടീം’ രൂപീകരിച്ച് മോട്ടോർ വാഹന വകുപ്പ് (എംവിഡി). വാഹനാപകടങ്ങളെക്കുറിച്ച് കൃത്യമായ മാനദണ്ഡങ്ങളോടെ ശാസ്ത്രീയ പഠനം നടത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘമുണ്ടാകും. എന്‍ഫോഴ്‌സ്‌മെൻ്റ് ആര്‍ടിഒ ലീഡറാകുന്ന ജില്ലാ ടീമില്‍ ഐഐടി പരിശീലനം ലഭിച്ച എംവിഡി ഉദ്യോഗസ്ഥര്‍, പൊലീസ്, പിഡബ്ല്യുഡി, നാറ്റ്പാക് പ്രതിനിധികള്‍ എന്നിവരാണ് അംഗങ്ങളാകുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പോസ്റ്റ് ക്രാഷ് റോഡ് ആക്‌സിഡൻ്റ് അനാലിസിസ് മാര്‍ഗ്ഗരേഖയും എംവിഡി ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്.
അപകടം നടന്ന് 48 മണിക്കൂറിനുള്ളില്‍ ജില്ലാ ടീമുകള്‍ സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തണമെന്നാണ് മാര്‍ഗ്ഗരേഖയിലെ പ്രധാന നിര്‍ദേശം. അപകട സ്ഥലത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണം. രണ്ടോ അതിലധികമോ മരണമുണ്ടാകുന്ന വലിയ അപകടങ്ങളിലാണ് പ്രധാനമായും ഈ സംഘം അന്വേഷണം നടത്തുക. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരടങ്ങുന്ന ജില്ലാ ടീമുകള്‍ ഓരോ മാസവും ചുരുങ്ങിയത് ഒരു പ്രധാന അപകടമെങ്കിലും നിര്‍ബന്ധമായും വിശകലനം ചെയ്യുകയും, ആ റിപ്പോര്‍ട്ടുകള്‍ അടുത്ത മാസം പത്താം തീയതിക്കുള്ളില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുകയും വേണം. റോഡിന്റെ ഘടന, വാഹനത്തിന്റെ തകരാറുകള്‍, ഡ്രൈവറുടെ പിഴവ്, കാലാവസ്ഥ എന്നിവ പരിശോധിച്ചാകും റിപ്പോർട്ട് തയ്യാറാക്കുക. കുറ്റക്കാരെ കണ്ടെത്താനല്ല, മറിച്ച് അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പരിഹാരങ്ങള്‍ കണ്ടെത്താനാണ് ഈ ശാസ്ത്രീയ പഠനമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ജൂണ്‍ 23-ന് കൊട്ടാരക്കരയിലുണ്ടായ ദാരുണമായ ടിപ്പര്‍ ലോറി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ അന്വേഷണ സംഘം രൂപീകരിക്കാന്‍ സർക്കാർ തീരുമാനിച്ചത്. ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവർക്ക് മേൽ ലോറി പാഞ്ഞുകയറി മൂന്ന് പേരാണ് അന്ന് മരണപ്പെട്ടത്. അപകടത്തിൽപ്പെട്ട 17 വർഷം പഴക്കമുള്ള ടിപ്പർ ലോറിക്ക് കൃത്യമായ പരിശോധന നടത്താതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് കരുനാഗപ്പള്ളി സബ് ആർടിഒ ഓഫീസിലെ രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇത്തരം ഗുരുതരമായ വീഴ്ചകളും റോഡിലെ പോരായ്മകളും കണ്ടെത്താൻ പുതിയ സംവിധാനം വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
Motor Vehicles Department issues guidelines for post-crash road accident analysis in the state
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





