ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്റീന നാടകീയ വിജയം നേടിയതിന് പിന്നാലെയുണ്ടായ ഒത്തുകളി വിവാദങ്ങൾ അടങ്ങും മുൻപേ ഫുട്ബോൾ ലോകത്തെ വീണ്ടും ചൂടുപിടിപ്പിച്ച് ഫിഫയുടെ പുതിയ പ്രഖ്യാപനം. ബോസ്റ്റണിൽ നാളെ നടക്കാനിരിക്കുന്ന ഫ്രാൻസ് – മൊറോക്കോ ഒന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ നിയന്ത്രണം പൂർണ്ണമായും അർജന്റീനക്കാരായ റഫറിയിങ് പാനലിന് നൽകിയ ഫിഫയുടെ തീരുമാനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ ലോകകപ്പിൽ ഇതുവരെ നടന്ന 96 മത്സരങ്ങളിൽ ആദ്യമായാണ് ഒരു മത്സരത്തിലെ അഞ്ചു റഫറിമാരും ഒരേ രാജ്യത്തു നിന്നുള്ളവരാകുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും അർജന്റീനയുടെ കടുത്ത എതിരാളികളായിരുന്ന ഫ്രാൻസിന്റെ മത്സരത്തിൽ അർജന്റീനക്കാരെ മുഴുവനായി കാവൽ നിർത്തുന്നത് ഫിഫയുടെ കടുംകൈയാണെന്നാണ് ഫുട്ബോൾ ആരാധകർ പറയുന്നത്.
ഫിഫയുടെ ഈ അപ്രതീക്ഷിത തീരുമാനം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധവും ട്രോളുകളുമാണ് ഉയരുന്നത്. അർജന്റീനയ്ക്ക് വീണ്ടും ലോകകപ്പ് ഫിക്സ് ചെയ്തു നൽകാനുള്ള അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയുടെ ‘കള്ളക്കളി’യാണിതെന്നാണ് പ്രധാന വിമർശനം. ഈജിപ്തിനെതിരെ അർജന്റീന കളിച്ച പ്രീ-ക്വാർട്ടർ മത്സരം നിയന്ത്രിച്ചത് ഫ്രഞ്ച് റഫറിയായ ഫ്രാൻസ്വ ലെറ്റെക്സിയർ ആയിരുന്നു എന്നതുമായി ബന്ധപ്പെടുത്തിയും ചർച്ചകൾ കൊഴുക്കുന്നുണ്ട്. അന്ന് ഫ്രഞ്ച് റഫറി തങ്ങളെ ചതിച്ചെന്ന് ഈജിപ്ത് ആരോപിച്ചപ്പോൾ അർജന്റീനൻ ആരാധകരും റഫറിക്കെതിരെ രംഗത്തുണ്ടായിരുന്നു. അതിന് പകരമായാണോ ഫ്രാൻസിന്റെ കളിയിൽ അർജന്റീനക്കാരെ ഫിഫ കൂട്ടത്തോടെ ഇറക്കിയതെന്നാണ് ആരാധകരുടെ ചോദ്യം. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ‘ആർ.എം.സി സ്പോർട്സ്’ ഫിഫയ്ക്ക് യാതൊരു നാണമില്ലെന്ന് പറഞ്ഞ് ഈ തീരുമാനത്തെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
വിഖ്യാത അർജന്റീനിയൻ റഫറിയായ ഫക്കുണ്ടോ ടെല്ലോയാണ് ഫ്രാൻസ്-മൊറോക്കോ പോരാട്ടത്തിൽ പ്രധാന വിസിലൂതുക. ടെല്ലോയ്ക്ക് പുറമെ അർജന്റീനക്കാരായ ജുവാൻ പാബ്ലോ ബെലാറ്റി, ഗബ്രിയേൽ ചാഡെ എന്നിവർ അസിസ്റ്റന്റ് റഫറിമാരാകും. ഡാരിയോ ഹെരേര നാലാം റഫറിയായും ക്രിസ്റ്റ്യൻ നവാരോ റിസർവ് അസിസ്റ്റന്റ് റഫറിയായും പ്രവർത്തിക്കും. കളിക്കളത്തിൽ കാർഡുകൾ വാരി വിതറുന്നതിൽ കടുത്ത കടുപ്പക്കാരനാണ് ടെല്ലോ. മുൻപ് ബോക്ക ജൂനിയേഴ്‌സും റേസിംഗ് ക്ലബ്ബും തമ്മിൽ നടന്ന ഒരു മത്സരത്തിൽ 10 ചുവപ്പ് കാർഡുകൾ ഒന്നിച്ച് പുറത്തെടുത്ത് ഇദ്ദേഹം ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നാളത്തെ മത്സരത്തിൽ കാർഡുകളുടെ ഒരു പൂരം തന്നെയുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകർ.
റഫറിയിങ്ങിനെ ചൊല്ലി സൈബർ ലോകത്ത് വലിയ തല്ലുമാല നടക്കുമ്പോഴും ഫ്രഞ്ച് ക്യാമ്പ് തികഞ്ഞ ശാന്തതയിലാണ്. റഫറി ആരാണെന്നത് തങ്ങളെ ബാധിക്കുന്ന വിഷയമേയല്ലെന്ന് ഫ്രഞ്ച് പ്രതിരോധ താരം ഡയോറ്റ് ഉപമെകാനോ വ്യക്തമാക്കി. “റഫറി ആരാണെന്നതിലേക്ക് ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നില്ല, മുൻപും ഞങ്ങൾ അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും മൊറോക്കോയ്ക്ക് എതിരെയുള്ള മത്സരത്തിലാണ്. ഞങ്ങൾക്ക് ആ കളി ജയിക്കണം, അത് മാത്രമാണ് പ്രധാനം” – ഉപമെകാനോ പറഞ്ഞു. ടീമിലെ മൂന്നാം ഗോൾകീപ്പറായ റോബിൻ റിസറും മാധ്യമങ്ങളാണ് കാര്യങ്ങൾ വഷളാക്കുന്നതെന്നും തങ്ങൾക്ക് അനാവശ്യമായ ഭയമില്ലെന്നും പറഞ്ഞ് സമാനമായ പ്രതികരണമാണ് നടത്തിയത്. 2018-ൽ അർജന്റീനയെ തോൽപ്പിച്ച ഫ്രാൻസിനെ, 2022 ലോകകപ്പ് ഫൈനലിൽ ഷൂട്ടൗട്ടിൽ അർജന്റീന തകർത്തിരുന്നു. ഈ കടുത്ത വൈര്യം നിലനിൽക്കെ നാളത്തെ മത്സരത്തിൽ റഫറിമാരുടെ ഓരോ തീരുമാനവും അതീവ നിർണായകമാകും.
All five Argentines to control France-Morocco quarter-final; Fans call FIFA’s ‘cheating’, new controversy in the World Cup!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





