ടെഹ്‌റാൻ : അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക സമാധാന കരാർ ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലേക്ക് നീങ്ങുകയാണ്. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ബുധനാഴ്ച പുലർച്ചെ അമേരിക്ക ഇറാനിലെ പ്രമുഖ സൈനിക കേന്ദ്രങ്ങളിൽ അതിശക്തമായ വ്യോമാക്രമണം നടത്തി. കഴിഞ്ഞ തവണ നടത്തിയതിനേക്കാൾ നാലിരട്ടി ശക്തിയിലാണ് ഇത്തവണ അമേരിക്ക ഇറാനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇറാനുള്ള കടുത്ത ‘ശിക്ഷ’ യെന്നാണ് ഈ നീക്കത്തെ യുഎസ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇറാനെതിരെയുള്ള വ്യോമാക്രമണത്തിന് നേരിട്ട് ഉത്തരവിട്ടത്. ഇതിനോടൊപ്പം അന്താരാഷ്ട്ര വിപണിയിൽ ഇറാന്റെ ക്രൂഡ് ഓയിൽ വിൽപ്പനയ്ക്കുള്ള അനുമതി ട്രംപ് റദ്ദാക്കുകയും ചെയ്തു.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു അമേരിക്കൻ യുദ്ധവിമാനങ്ങളുടെ ആക്രമണം. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ്, ഖേഷ്ം ഐലൻഡ്, തീരദേശ നഗരങ്ങളായ സിരിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ വലിയ സ്ഫോടനങ്ങളും തീപിടുത്തവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സിരിക്കിലെ വാണിജ്യ തുറമുഖത്ത് പതിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ തെറിച്ച് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്റെ അറുപതിലധികം ചെറുബോട്ടുകളും തകർത്തവയിൽ ഉൾപ്പെടുന്നു. യുഎസ് നടത്തിയ ഈ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനവും നഗ്നമായ അധിനിവേശവുമാണെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് കുറ്റപ്പെടുത്തി.
അമേരിക്കയുടെ കരാർ ലംഘനത്തിന് മറുപടിയായി ബഹ്‌റൈനിലെയും കുവൈറ്റിലെയും 85 യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. ബഹ്റൈനിലെ യുഎസിന്റെ ഫിഫ്ത് നേവൽ ഡിസ്ട്രിക്റ്റ്, കുവൈത്തിലെ അലി അൽ സാലം എയർ ബേസ് എന്നിവയ്ക്ക് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. ഇറാന്റെ പ്രത്യാക്രമണ ഭീഷണിയെത്തുടർന്ന് ബഹ്‌റൈനിലും കുവൈറ്റിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ തുടർച്ചയായി മുഴങ്ങി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ബഹ്റൈൻ നിർദ്ദേശം നൽകിയപ്പോൾ, ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും തങ്ങളുടെ സൈന്യം വിജയകരമായി പ്രതിരോധിക്കുന്നതായി കുവൈറ്റ് വ്യക്തമാക്കി. കൂടാതെ, ബുഷെഹറിന് മുകളിൽ പറക്കുകയായിരുന്ന അമേരിക്കയുടെ അത്യാധുനിക ‘MQ-9’ റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അറിയിച്ചു. “ഭീഷണിപ്പെടുത്തലിന്റെ കാലം കഴിഞ്ഞു, ഞങ്ങൾ കീഴടങ്ങില്ല” എന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 28-ന് അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ ആറ് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്രയ്ക്കിടെയാണ് ഈ നാടകീയ സംഭവവികാസങ്ങൾ. ഖമേനിയുടെ ഭൗതികശരീരം ഇറാഖിലെ ഷിയാ പുണ്യനഗരങ്ങളായ നജാഫ്, കർബല എന്നിവടങ്ങളിലൂടെ കടന്നുപോകാനിരിക്കെയായിരുന്നു യുഎസ് ആക്രമണം. ഇതേത്തുടർന്ന് തന്റെ ഇറാഖ് സന്ദർശനം അടിയന്തരമായി വെട്ടിച്ചുരുക്കിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ടെഹ്‌റാനിലേക്ക് മടങ്ങി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ബാഹ്യ ഇടപെടലുകൾ അനുവദിക്കില്ലെന്നും തങ്ങൾ നിർദ്ദേശിക്കുന്ന പാതയിലൂടെ മാത്രമേ ചരക്കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ സാധിക്കൂ എന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് ആവർത്തിച്ചു. മേഖലയിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന ഇറാന്റെ നടപടികൾക്ക് വലിയ വില നൽകേണ്ടി വരുമെന്ന് യുഎസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം 198 ഇന്ത്യൻ ജീവനക്കാരുമായി ഒൻപത് ഇന്ത്യൻ കപ്പലുകൾ തുടരുന്നതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഈ കപ്പലുകൾ അവിടെ കുടുങ്ങിക്കിടക്കുകയല്ലെന്നും മേഖലയിലെ സാധാരണ രീതിയിലുള്ള വ്യാപാര-വാണിജ്യ ആവശ്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷിതരാണെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകുമ്പോഴും നാവികരുടെ കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്. സംഘർഷം ആരംഭിച്ചതിനുശേഷം എൽ.പി.ജി, ക്രൂഡ് ഓയിൽ, മറ്റ് ചരക്കുകൾ എന്നിവയുമായി 50 കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇതിൽ 18 എണ്ണം ഇന്ത്യൻ പതാകയുള്ള കപ്പലുകളായിരുന്നു. യുദ്ധസാഹചര്യം കണക്കിലെടുത്ത് ഈ റൂട്ടിൽ പുതിയ കപ്പലുകൾ അയക്കുന്ന കാര്യത്തിൽ ഷിപ്പിംഗ് കമ്പനികൾ ഇപ്പോൾ അതീവ ജാഗ്രത പുലർത്തുന്നുണ്ട്.
Trump’s emergency order; US airstrikes against Iran with quadruple force, oil sales ban
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





