‘റോഷാക്ക്’ എന്ന സൈക്കോളജിക്കൽ ത്രില്ലറിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘ഐ നോബഡി’ നാളെ (ജൂലൈ 9) ലോകമെമ്പാടുമുള്ള തീയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അണിയറപ്രവർത്തകർ പുറത്തുവിട്ട പ്രൊമോ സോഷ്യൽ മീഡിയയിൽ ഇതിനകം തരംഗമായിക്കഴിഞ്ഞു. “സമൂഹത്തിലെ ഈ ഫുഡ് ചെയിനിൽ ജീവനോടെയിരിക്കണമെങ്കിൽ പുൽച്ചാടിക്ക് പുല്ല് മാത്രം തിന്നാൽ പോരാ, തവളയെ തിന്നണം… ആരുടെയൊക്കെ തല തിന്നണമെന്ന് നീ തന്നെ തീരുമാനിക്കണം” എന്ന പവർഫുൾ ഡയലോഗാണ് പ്രൊമോയുടെ പ്രധാന ആകർഷണം. വൻ ട്വിസ്റ്റുകളും ഹൈ-വോൾട്ടേജ് ആക്ഷൻ രംഗങ്ങളും നിറഞ്ഞ ചിത്രം പ്രേക്ഷകർക്കിടയിൽ വൻ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഒരു ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ‘ഐ നോബഡി’ കൈകാര്യം ചെയ്യുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുൽ തന്നെയാണ് ഈ സിനിമയ്ക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതുവരെ മലയാള സിനിമയിൽ പരീക്ഷിക്കാത്ത രീതിയിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് റിപ്പോർട്ടുകൾ. വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ചേർന്ന് ഒരുക്കുന്ന 5 വമ്പൻ ആക്ഷൻ സീക്വൻസുകളും ത്രില്ലടിപ്പിക്കുന്ന കാർ ചേസിങ് രംഗങ്ങളും ചിത്രത്തിലുണ്ട്. സെൻസർ ബോർഡിന്റെ U/A സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ സിനിമയ്ക്ക് എങ്ങും മികച്ച അഡ്വാൻസ് ബുക്കിംഗ് പ്രതികരണമാണ് ലഭിക്കുന്നത്.
എന്ന് നിന്റെ മൊയ്തീൻ, കൂടെ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഐ നോബഡി’ക്കുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ4 എക്സ്പെരിമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജിനും പാർവതിക്കും പുറമെ ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നിഷാന്ത് സാഗർ, സുധി കോപ്പ തുടങ്ങി ഒരു വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ദിനേഷ് പുരുഷോത്തമൻ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്ന ചിത്രം തീയേറ്ററുകളിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കുമെന്നാണ് സിനിമാ പ്രേമികളുടെ വിലയിരുത്തൽ.
‘I Nobody’, starring Prithviraj and Parvathy, is set for release with a promo full of twists and action!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





