അറ്റ്ലാന്റ: ലോകകപ്പിന്റെ ആവേശം പ്രീ-ക്വാർട്ടർ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഫുട്ബോൾ ലോകം ഇന്ന് കാത്തിരിക്കുന്നത് ഒരു മഹാപോരാട്ടത്തിനാണ്. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന ഇന്ന് ആഫ്രിക്കൻ കരുത്തരായ ഈജിപ്തിനെ നേരിടും. അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30നാണ് മത്സരം ആരംഭിക്കുന്നത്. അന്താരാഷ്ട്ര വേദിയിൽ ലിയോണൽ മെസിയും മുഹമ്മദ് സലായും ആദ്യമായി നേർക്കുനേർ വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ടിവിയിൽ യുണൈറ്റ്ഡ് സ്പോര്സ് നെറ്റ്വർക്കിലും, ലൈവ് സ്ട്രീമിംഗിലൂടെ സീ ഫൈവിലും (Zee5) മത്സരം തത്സമയം കാണാൻ സാധിക്കും.
തൊട്ടുമുൻപത്തെ നോക്കൗട്ട് മത്സരങ്ങളിൽ കനത്ത പരീക്ഷണങ്ങൾ അതിജീവിച്ചാണ് ഇരുടീമുകളും അവസാന 16-ലേക്ക് യോഗ്യത നേടിയത്. പ്രവചനാതീതമായ പോരാട്ടവീര്യം പുറത്തെടുത്ത കാബോ വെർദെയ്ക്ക് മുന്നിൽ അർജന്റീന ശരിക്കും പതറിയിരുന്നു. ഒടുവിൽ എക്സ്ട്രാ ടൈം വരെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് (3-2) ലയണൽ സ്കലോണിയുടെ സംഘം ക്വാർട്ടർ ഉറപ്പിച്ചത്. മറുഭാഗത്ത് ഈജിപ്താകട്ടെ ശക്തരായ ഓസ്ട്രേലിയയെ എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് തങ്ങളുടെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്.
ലിയോണൽ മെസി എന്ന ഒരൊറ്റ അച്ചുതണ്ടിലാണ് നിലവിൽ അർജന്റീനയുടെ കുതിപ്പ്. ടൂർണമെന്റിൽ ഇതുവരെ 7 ഗോളുകളുമായി ടോപ്പ് സ്കോറർ പദവിയിൽ ഫോമിന്റെ പരകോടിയിലാണ് ഈ മുപ്പത്തിയെട്ടുകാരൻ. എന്നാൽ കാബോ വെർദെയ്ക്കെതിരായ മത്സരം അർജന്റീനയുടെ പ്രതിരോധ നിരയിലെ വലിയ വിടവുകൾ തുറന്നുകാട്ടിയിരുന്നു. ‘മെസിയില്ലെങ്കിൽ ഈ ടീം എങ്ങനെ?’ എന്ന ചോദ്യം ശക്തമാകുന്ന സാഹചര്യത്തിൽ, ക്വാർട്ടർ ഫൈനൽ ഉറപ്പാക്കാൻ പ്രതിരോധത്തിലെ പിഴവുകൾക്ക് ഇന്ന് സ്കലോണിക്ക് കൃത്യമായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരത്തിനാണ് ഈജിപ്ത് ഇന്ന് ബൂട്ട് കെട്ടുന്നത്. തങ്ങൾ മെസിയെക്കുറിച്ച് ചിന്തിച്ച് തലപുകയ്ക്കുന്നില്ലെന്നും തങ്ങൾക്ക് മുഹമ്മദ് സലായുണ്ടെന്നുമാണ് ഈജിപ്ത് ക്യാമ്പിൽ നിന്നുള്ള ആത്മവിശ്വാസം. ശാരീരിക കരുത്തുറ്റ ഡിഫൻസിങ് കൊണ്ട് അർജന്റീനയെ പൂട്ടുക, ഒപ്പം സൂപ്പർ താരം മുഹമ്മദ് സലാ നയിക്കുന്ന അതിവേഗ കൗണ്ടർ അറ്റാക്കുകളിലൂടെ ഗോളടിക്കുക എന്നതാകും കോച്ച് ഹൊസാം ഹസന്റെ പ്രധാന തന്ത്രം. അനുഭവസമ്പത്തിലെ കുറവ് സലായുടെ മാന്ത്രികത കൊണ്ട് മറികടക്കാൻ ഈജിപ്ത് ഇറങ്ങുമ്പോൾ അർജന്റീനയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല ഉറപ്പാണ്.
Messi vs. Salah; A ‘sparkling’ pre-quarterfinal clash in Atlanta today!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





