മോൺട്രിയൽ: മോൺട്രിയലിൽ ജ്വല്ലറി കട തകർത്ത് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിൽ 13 നും 18 നും ഇടയിൽ പ്രായമുള്ള നാല് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ മോൺട്രിയലിലെ അഹുൻസിക്-കാർട്ടിയർവിൽ മേഖലയിലാണ് സംഭവം നടന്നത്. പുലർച്ചെ ഒന്നെമുക്കാലോടെ ഫ്ല്യൂറി സ്ട്രീറ്റിലെ കടയിൽ അതിക്രമിച്ച് കയറാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് പൊലീസിന് അടിയന്തര സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രദേശവാസികളിൽ നിന്നും സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
ഒരു എസ്യുവി (SUV) വാഹനം ഉപയോഗിച്ച് ജ്വല്ലറിയുടെ മുൻവശത്തെ ഗ്ലാസ് ഇടിച്ചുതകർത്താണ് പ്രതികൾ അകത്തുകയറിയതെന്ന് പൊലീസ് അറിയിച്ചു. കടയ്ക്കുള്ളിൽ കയറി ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഈ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്ന് മോൺട്രിയൽ പൊലീസ് മാനുവൽ കൂച്ചർ വ്യക്തമാക്കി. മോഷണം പരാജയപ്പെട്ടതോടെ, പ്രതികൾ തങ്ങൾ വന്ന എസ്യുവി വാഹനം കടയ്ക്കുള്ളിൽ തന്നെ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ കയറി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം പിന്തുടർന്ന പൊലീസ്, സാക്ഷികൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ വാഹനം തടഞ്ഞുനിർത്തിയാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവർക്ക് 13, 16, 17, 18 വയസ്സ് മാത്രമാണ് പ്രായമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരെ നിലവിൽ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരിക്കുകയാണ്. കവർച്ചാശ്രമത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Attempt to smash into a jewelry store by ramming a car; four teenagers in custody in Montreal.





