ടൊറന്റോ: ആഗോളതലത്തിൽ ജനപ്രീതി വർദ്ധിച്ചുവരുന്ന ഓൺലൈൻ പ്രെഡിക്ഷൻ മാർക്കറ്റുകളിൽ പണം നിക്ഷേപിക്കുന്ന ഭൂരിഭാഗം പേർക്കും വലിയ രീതിയിൽ സാമ്പത്തിക നഷ്ടം നേരിടുന്നതായി ഗവേഷണ റിപ്പോർട്ട്. പ്രവചന വിപണികളിലെ ആകെയുള്ള അക്കൗണ്ടുകളിൽ വെറും മൂന്ന് ശതമാനം വരുന്ന പ്രൊഫഷണൽ വ്യാപാരികൾ മാത്രമാണ് ഈ രംഗത്ത് സ്ഥിരമായി ലാഭം കൊയ്യുന്നതെന്ന് യേൽ സർവകലാശാലയിലെയും ലണ്ടൻ ബിസിനസ് സ്കൂളിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. സാധാരണക്കാരായ ഭൂരിപക്ഷത്തിന്റെ തെറ്റായ പ്രവചനങ്ങളിൽ നിന്നുള്ള പണമാണ് ഈ ന്യൂനപക്ഷം വരുന്ന പ്രൊഫഷണൽ വ്യാപാരികളുടെ ലാഭമായി മാറുന്നത്.
പോളിമാർക്കറ്റ് (Polymarket) പ്ലാറ്റ്‌ഫോമിലെ 1.72 മില്യൺ അക്കൗണ്ടുകളിൽ നിന്നുള്ള 13.76 ബില്യൺ യുഎസ് ഡോളറിന്റെ Trading Volume പരിശോധിച്ചാണ് ഗവേഷകർ ഈ റിപ്പോർട്ട് തയ്യാറാക്കിയത്. വിപണിയിലെ ആകെ വ്യാപാരത്തിന്റെ എഴുപത് ശതമാനത്തോളം വരുന്നത് പ്രവചനങ്ങളിൽ കാര്യമായ വൈദഗ്ധ്യമില്ലാത്ത സാധാരണക്കാരായ ഉപഭോക്താക്കളിൽ നിന്നാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കാനഡയിലെ പ്രമുഖ ഓൺലൈൻ നിക്ഷേപ സ്ഥാപനമായ Wealthsimple, പ്രെഡിക്ഷൻ മാർക്കറ്റ് ആപ്പായ കൽഷിയുമായി (Kalshi) പങ്കാളിത്തത്തിൽ ഏർപ്പെട്ട് രാജ്യത്തേക്ക് ഈ സേവനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ് പുറത്തുവരുന്നത്.
വാർത്തകൾ അതിവേഗം വിശകലനം ചെയ്യാനുള്ള കഴിവ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അറിവ്, മുൻകാല അനുഭവസമ്പത്ത്, കൃത്യമായ ഡാറ്റാ മോഡലുകൾ എന്നിവയാണ് വലിയ തുകകൾ നേടുന്ന പ്രൊഫഷണൽ വ്യാപാരികളെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്നതെന്ന് ഗവേഷകരായ റോബർട്ടോ ഗോമസ്-ക്രാം, ദീസ് ഇംഗർസ്ലെവ് ജെൻസൻ എന്നിവർ അറിയിച്ചു. പ്രെഡിക്ഷൻ മാർക്കറ്റുകൾ വലിയ ധനകാര്യ സ്ഥാപനങ്ങളുടെയും ഹെഡ്ജ് ഫണ്ടുകളുടെയും നിയന്ത്രണത്തിലാണെന്നും, കൃത്യമായ അറിവില്ലാതെ വിപണിയിലേക്ക് ഇറങ്ങുന്ന ചെറുകിട നിക്ഷേപകർക്ക് പണം നഷ്ടപ്പെടാനാണ് സാധ്യതയെന്നും ടൊറന്റോ സർവകലാശാലയിലെ പ്രൊഫസർ ലൂയിസ് സെക്കോ വിലയിരുത്തി.
Study says most investors lose in prediction markets; only 3% make a profit!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





