ന്യൂഡൽഹി: ഇ-റിക്ഷകളുടെയും മറ്റ് ഇലക്ട്രിക് വണ്ടികളുടെയും ബാറ്ററികൾ പുറത്തുനിന്നുള്ളവർക്ക് മൊബൈൽ ഫോൺ വഴി ഓഫ് ചെയ്യാൻ സാധിക്കുന്നതായി കണ്ടെത്തി ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY). ഇത്തരത്തിൽ ദുരുപയോഗം ചെയ്യാൻ കഴിയുന്ന ഏഴ് മൊബൈൽ ആപ്പുകൾ തങ്ങളുടെ സ്റ്റോറുകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാന്നാണ് MeitY ഗൂഗിളിനോടും ആപ്പിളിനോടും ആവശ്യപ്പെട്ടത്. വണ്ടി ഓടിക്കുന്ന ആളുടെ അനുവാദമില്ലാതെ, പുറത്തു നിൽക്കുന്ന ഒരാൾക്ക് വണ്ടി പെട്ടെന്ന് നിർത്തിക്കാൻ ഈ ആപ്പുകൾക്ക് കഴിയുമെന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നാൽ ഈ നോട്ടീസിനോട് ഗൂഗിളോ ആപ്പിളോ ഇതുവരെ മറുപടി നൽകിയിട്ടില്ല.
ചൈനീസ് കമ്പനിയായ ‘ഷെൻഷെൻ ഗ്രെനർജി ടെക്നോളജി’ നിർമ്മിച്ച ‘BAT-BMS’ ഉൾപ്പെടെയുള്ള ആപ്പുകൾക്കെതിരെയാണ് ഈ നടപടി. സാധാരണയായി ബ്ലൂടൂത്ത് വഴി ലിഥിയം ബാറ്ററികളുടെ ചാർജും മറ്റ് വിവരങ്ങളും നോക്കാനാണ് ഈ ആപ്പുകൾ ഉപയോഗിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ചില വിലകുറഞ്ഞ ഇ-റിക്ഷകളിൽ സുരക്ഷിതമല്ലാത്ത (പാസ്‌വേഡ് ഇല്ലാത്ത) ബ്ലൂടൂത്ത് സംവിധാനമാണ് ഉള്ളത്. ഇത് മുതലെടുത്ത്, വണ്ടിയുടെ 10 അല്ലെങ്കിൽ 15 മീറ്റർ ചുറ്റളവിൽ നിൽക്കുന്ന ആർക്കും ഈ ആപ്പുകൾ ഉപയോഗിച്ച് വണ്ടിയുടെ ബാറ്ററി ഓഫ് ചെയ്യാനും വണ്ടി വഴിയിൽ നിർത്താനും സാധിക്കും.
യാത്രക്കാർക്കും ഡ്രൈവർമാർക്കും വലിയ ബുദ്ധിമുട്ടും അപകടവും ഉണ്ടാക്കുന്ന ഈ സാങ്കേതിക തകരാർ പരിഹരിക്കാനാണ് സർക്കാർ ഇപ്പോൾ ഇടപെട്ടിരിക്കുന്നത്. എല്ലാ ഇലക്ട്രിക് വണ്ടികളെയും ഈ പ്രശ്നം ബാധിക്കില്ലെന്നും, സുരക്ഷാ കുറവുള്ള ബ്ലൂടൂത്ത് ബാറ്ററികളിൽ മാത്രമേ ഇത് നടക്കൂ എന്നും വിദഗ്ധർ പറയുന്നുണ്ട്. എങ്കിലും മുൻകരുതൽ എന്ന നിലയ്ക്കാണ് അപകടകരമായ ആ ഏഴ് ആപ്പുകളും പ്ലേ സ്റ്റോറുകളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Apps that disable e-rickshaw batteries must be removed': MeitY issues directive to Google and Apple.






