ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങിൽനിന്ന് മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനെയി വിട്ടുനിന്നേക്കുമെന്ന് റിപ്പോർട്ട്. ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സുരക്ഷാ ഭീഷണിയും നിരീക്ഷണ ആശങ്കകളും കണക്കിലെടുത്താണ് ഈ തീരുമാനം. ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ആയത്തുള്ള ഹക്കിം ഇലാഹി വാർത്താ ഏജൻസിയായ എഎൻഐയോട് (ANI) ഇക്കാര്യം സ്ഥിരീകരിച്ചു. കടുത്ത സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മുജ്തബ ഖമനെയി പരസ്യമായി ചടങ്ങിൽ പങ്കെടുക്കുന്നത് കനത്ത സുരക്ഷാ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.
ഇറാനും ഇസ്രായേലിനും അമേരിക്കയ്ക്കും ഇടയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നതിനിടെയാണ് ഈ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ഇറാന്റെ ഇപ്പോഴത്തെ പരമോന്നത നേതാവായ മുജ്തബ ഖമനെയി ഇസ്രായേലിന്റെ വധിക്കപ്പെടേണ്ടവരുടെ പട്ടികയിൽ ഉണ്ടെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി രംഗത്തെത്തി. ഇറാന്റെ നേതൃത്വത്തിനെതിരെയുള്ള ഏത് തരത്തിലുള്ള ഭീഷണിയും ഉടനടിയുള്ളതും അതിശക്തവുമായ പ്രത്യാക്രമണത്തിന് കാരണമാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും സംയുക്തമായി ഇറാന് നേരെ നടത്തിയ ആക്രമണത്തിലാണ് 36 വർഷക്കാലം ഇറാനെ നയിച്ച ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ മുജ്തബ ഖമനെയിയുടെ ഭാര്യ സഹ്റ ഹദ്ദാദ് അദെലും കൊല്ലപ്പെട്ടിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഭാര്യയുടെ സംസ്കാര ചടങ്ങിലും മുജ്തബ പങ്കെടുത്തിരുന്നില്ല.
കൊല്ലപ്പെട്ട് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഖമനെയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ഇറാനിലും ഇറാഖിലുമായി അഞ്ച് ദിവസം നീളുന്ന ഔദ്യോഗിക ചടങ്ങുകൾക്ക് ജൂലൈ 4-ന് തുടക്കമാകും. തുടർന്ന് ജൂലൈ 9-ന് ഖമനെയിയുടെ ജന്മനാടും പുണ്യനഗരവുമായ മഷ്ഹദിലെ ഇമാം റെസ ആരാധനാലയത്തിൽ ഖബറടക്കം നടക്കും. ലക്ഷക്കണക്കിന് ജനങ്ങളും വിദേശ പ്രതിനിധികളും ഈ ചടങ്ങുകളിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Security threat; Mojtaba Khamenei may not attend his father’s funeral!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





