എഡ്മന്റൺ: ആൽബർട്ടയിലെ ഡ്രൈവിംഗ് ലൈസൻസുകളിലും തിരിച്ചറിയൽ (ഐഡി) കാർഡുകളിലും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തുന്ന പദ്ധതി പ്രാബല്യത്തിൽ വന്നു. വ്യാഴാഴ്ച മുതൽ പുതുതായി നൽകുന്ന കാർഡുകളിൽ ആൽബർട്ട ഹെൽത്ത് നമ്പറും കനേഡിയൻ പൗരത്വ വിവരങ്ങളും രേഖപ്പെടുത്തും. വിവിധ സർക്കാർ സേവനങ്ങൾക്ക് ഒന്നിലധികം കാർഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും തട്ടിപ്പുകൾ തടയാനുമാണ് ഈ മാറ്റമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ പൗരത്വ, ആരോഗ്യ വിവരങ്ങൾ കൂടുതൽ പേർക്ക് ലഭ്യമാകുന്നത് സ്വകാര്യതാ ലംഘനത്തിന് കാരണമായേക്കാമെന്ന് ഇൻഫർമേഷൻ ആൻഡ് പ്രൈവസി കമ്മീഷണർ ഡയാൻ മക്‌ലോഡ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കുമായി കമ്മീഷണർ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
റീട്ടെയിൽ സ്റ്റോറുകൾ, ബാറുകൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിയമപരമായ നിർബന്ധമില്ലാതെ ഐഡി കാർഡിന്റെ പകർപ്പ് (ഫോട്ടോസ്റ്റാറ്റ്) എടുക്കാൻ അധികാരമില്ലെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും സ്ഥാപനങ്ങൾ പകർപ്പ് ആവശ്യപ്പെട്ടാൽ വ്യക്തിഗത വിവര സംരക്ഷണ നിയമപ്രകാരമുള്ള (PIPA) അധികാരം എന്താണെന്ന് പൊതുജനങ്ങൾക്ക് ചോദിക്കാം. ആശുപത്രികൾക്ക് ഹെൽത്ത് നമ്പർ ശേഖരിക്കാമെങ്കിലും പൗരത്വ വിവരങ്ങൾ ഉൾപ്പെടെയുള്ളവ പകർത്താൻ സാധാരണയായി അനുമതിയില്ല. സർക്കാർ സ്ഥാപനങ്ങൾക്കും പോലീസ് ഉൾപ്പെടെയുള്ള ഏജൻസികൾക്കും തിരിച്ചറിയൽ സ്ഥിരീകരിക്കാൻ കാർഡ് കാണിക്കുന്നത് മാത്രം മതിയാകും. പകർപ്പ് ആവശ്യപ്പെടുന്ന പക്ഷം അനാവശ്യ വിവരങ്ങൾ മറച്ചുവെച്ച ശേഷം മാത്രമേ നൽകാവൂ എന്നും ആശങ്കകളുണ്ടെങ്കിൽ പ്രൈവസി ഓഫീസറെയോ കമ്മീഷണറുടെ ഓഫീസിനെയോ സമീപിക്കാമെന്നും നിർദേശമുണ്ട്.
വ്യക്തിഗത വിവരങ്ങൾ അനാവശ്യമായും അമിതമായും ശേഖരിക്കുന്നത് ഒഴിവാക്കാൻ സ്വകാര്യ-സർക്കാർ സ്ഥാപനങ്ങൾക്ക് കമ്മീഷണർ കർശന മുന്നറിയിപ്പ് നൽകി. അതിനിടെ, പുതിയ ഐഡി കാർഡിന് അപേക്ഷിക്കുന്നവർ തിരിച്ചറിയൽ രേഖ, കാനഡയിലെ താമസാവകാശം തെളിയിക്കുന്ന രേഖ, ആൽബർട്ട ഹെൽത്ത് കെയർ കാർഡ് എന്നിവ സമർപ്പിക്കണമെന്ന് സർക്കാർ അറിയിച്ചു. കനേഡിയൻ പൗരന്മാരുടെ കാർഡുകളിൽ ‘CAN’ എന്ന് രേഖപ്പെടുത്തും. പൗരന്മാരല്ലാത്തവർക്കും കാർഡുകൾ ലഭിക്കും. ആവശ്യമായ രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണ്ടവർക്ക് ഒരു തവണ 60 ദിവസത്തെ ഇളവ് അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
New changes to Alberta ID cards come into effect; Privacy Commissioner issues warning to ensure privacy.





