വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രമുഖ ടിക്കറ്റ് റീസെയിൽ പ്ലാറ്റ്‌ഫോമായ StubHub നെതിരെ അമേരിക്കയിൽ കളി ആരാധകർ കൂട്ടഹർജി (Class-action lawsuit) ഫയൽ ചെയ്തു. മാൻഹട്ടൻ ഫെഡറൽ കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ടിക്കറ്റുകൾക്കായി വലിയ തുക നൽകിയ ഉപയോക്താക്കൾക്ക് അവ ലഭ്യമാക്കാത്തതു വഴി വൻ സാമ്പത്തിക നഷ്ടം ഉണ്ടായതായി ഹർജിയിൽ പറയുന്നു. വിവിധ ഉപഭോക്തൃ സംരക്ഷണ, വ്യാജ പരസ്യ വിരുദ്ധ നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കുറഞ്ഞത് 5 മില്യൺ യുഎസ് ഡോളർ നഷ്ടപരിഹാരമാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ സ്റ്റബ്ഹബ് ഇതുവരെ തയ്യാറായിട്ടില്ല.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ടൂർണമെന്റിനിടെ, അവസാന നിമിഷം ടിക്കറ്റുകൾ റദ്ദാക്കിയതായും പകരമുള്ള ടിക്കറ്റുകൾ നൽകിയില്ലെന്നും കാണിച്ച് നിരവധി ആരാധകർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ടിക്കറ്റ് തുക റീഫണ്ട് ചെയ്തെങ്കിലും മത്സരങ്ങൾ കാണാൻ ദീർഘദൂരം യാത്ര ചെയ്ത തങ്ങൾക്ക് വിമാനക്കൂലിയും താമസച്ചെലവും ഇനത്തിൽ വലിയ നഷ്ടമുണ്ടായതായി ആരാധകർ വ്യക്തമാക്കുന്നു. കമ്പനിയുടെ ഔദ്യോഗിക സുരക്ഷാ ഗ്യാരണ്ടിയായ ‘ഫാൻ പ്രൊട്ടക്ട് ഗ്യാരണ്ടി’ നൽകിയാണ് സ്റ്റബ്ഹബ് അനധികൃതമായി ടിക്കറ്റുകൾ വിറ്റതെന്നും ഹർജിയിൽ ആരോപണമുണ്ട്.
അതേസമയം, ലോകകപ്പ് ടിക്കറ്റ് റീസെയിലുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾക്ക് ഫിഫയുടെ ഇലക്ട്രോണിക് ടിക്കറ്റിങ് ഇൻഫ്രാസ്ട്രക്ചറിലെ പിഴവുകളാണ് കാരണണമെന്ന് സ്റ്റബ്ഹബ് കുറ്റപ്പെടുത്തി. എന്നാൽ സുരക്ഷിതമായ ഇടപാടുകൾക്കായി തങ്ങളുടെ ഔദ്യോഗിക റീസെയിൽ പ്ലാറ്റ്‌ഫോം മാത്രം ഉപയോഗിക്കാൻ ആരാധകർക്ക് നിർദ്ദേശം നൽകിയിരുന്നതായി ഫിഫ വ്യക്തമാക്കി. ടിക്കറ്റ് റദ്ദാക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച ഫിഫ, അന്വേഷണങ്ങൾ സ്റ്റബ്ഹബിലേക്ക് തന്നെ തിരിച്ചുവിട്ടു. നോർത്ത് അമേരിക്കയിലുടനീളം സ്റ്റബ്ഹബ് ഇത്തരത്തിൽ ആയിരക്കണക്കിന് ടിക്കറ്റുകൾ റദ്ദാക്കിയതായി സിബിസി ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായി റിപ്പോർട്ട്.
ടിക്കറ്റ് കൈവശമില്ലാതെ തന്നെ വിൽപ്പന നടത്തുന്ന ‘സ്പെക്കുലേറ്റീവ് ടിക്കറ്റിങ്’ രീതിയാണ് കമ്പനി പിന്തുടരുന്നതെന്നും ടിക്കറ്റിങ് വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചകളിലൊന്നാണിതെന്നും ഈ രംഗത്തെ വിദഗ്ധനായ സ്കോട്ട് ഫ്രീഡ്മാൻ വിലയിരുത്തി. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടീഷ് കൊളംബിയ (B.C.) പ്രവിശ്യയിലെ അറ്റോർണി ജനറൽ സ്റ്റബ്ഹബിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡയിലെ കോമ്പറ്റീഷൻ ബ്യൂറോയും യുഎസിലെ ഫെഡറൽ ട്രേഡ് കമ്മീഷനും വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ടോ എന്ന കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
World Cup ticket cancellation: Fans file mass petition in US against StubHub
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





