തൃശ്ശൂർ: തൃശ്ശൂരിൽ ലോഡ്ജ് മുറിയിൽ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രാവമാണ് മരണകാരണമെന്ന് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത സുഹൃത്തായ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ജൂൺ 27-നാണ് ജ്യോതിയും സുഹൃത്തും തൃശൂരിലെ ലോഡ്ജിൽ 108-ാം നമ്പർ മുറി എടുത്തത്. ഇന്ന് (ചൊവ്വാഴ്ച) ഉച്ചയോടെ ലോഡ്ജ് റിസപ്ഷനിലെത്തിയ ഓട്ടോ ഡ്രൈവർ, യുവതി രണ്ടുദിവസമായി ഫോൺ എടുക്കുന്നില്ലെന്ന വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഇതിൽ ദുരൂഹത തോന്നിയ ലോഡ്ജ് അധികൃതർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പൂട്ടിയിരുന്ന മുറി ബലമായി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസവത്തിനിടയിലുണ്ടായ ആരോഗ്യപ്രശ്നങ്ങളാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താൻ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Woman and newborn baby found dead in Thrissur after giving birth in lodge room; friend who was with her in custody






