ബെർലിൻ: ആഗോളതാപനത്തിന്റെ തീവ്രത വെളിപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങളിൽ റെക്കോർഡുകൾ ഭേദിച്ച് കടുത്ത ഉഷ്ണതരംഗം തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഫ്രാൻസിൽ മാത്രം ആയിരത്തിലധികം പേർ ഉഷ്ണതരംഗത്തെ തുടർന്ന് മരണപ്പെട്ടതായി ഫ്രാൻസിന്റെ ഔദ്യോഗിക പൊതുജനാരോഗ്യ ഏജൻസി വ്യക്തമാക്കി. ഭൂമിയിൽ ഏറ്റവും വേഗത്തിൽ ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന ഭൂഖണ്ഡം യൂറോപ്പാണെന്നും, പൗരന്മാരെ സംരക്ഷിക്കാൻ രാജ്യങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി.
ശനിയാഴ്ചയും ഞായറാഴ്ചയുമായി യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. കടുത്ത ചൂടിനെത്തുടർന്ന് ജർമ്മനിയിലെ വനമേഖലകളിൽ വൻ കാട്ടുതീ പടർന്നുപിടിച്ചു. തലസ്ഥാനമായ ബെർലിനിൽ ചൂടിൽ വലഞ്ഞ ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ആശ്വാസമേകാൻ ഒടുവിൽ പോലീസിന് ജലപീരങ്കികൾ വരെ റോഡിലിറക്കേണ്ടി വന്നു. ചൂട് വരുംദിവസങ്ങളിൽ കിഴക്കൻ യൂറോപ്പിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
തുടർച്ചയായ മൂന്നാം ദിവസവും ജർമ്മനിയിൽ ചൂട് റെക്കോർഡുകൾ ഭേദിച്ചു. പോളണ്ട് അതിർത്തിയോട് ചേർന്നുള്ള നീഷെമുൺഡെയിൽ (Neißemünde) 41.7 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. അയൽരാജ്യമായ ചെക്ക് റിപ്പബ്ലിക്കിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട് (41.1 ഡിഗ്രി സെൽഷ്യസ്) അനുഭവപ്പെട്ടു. യൂറോപ്പിൽ ഇപ്പോൾ അനുഭവപ്പെടുന്ന കടുത്ത ചൂടും അന്തരീക്ഷത്തിലെ അമിത ഈർപ്പവും കാലാവസ്ഥാ വ്യതിയാനം മൂലമാണെന്ന് ‘വേൾഡ് വെതർ ആട്രിബ്യൂഷൻ’ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. അഞ്ച് പതിറ്റാണ്ട് മുൻപ് ഇത്തരം ഒരു സാഹചര്യം അചിന്തനീയമായിരുന്നുവെന്നും, ഇരുപത് വർഷം മുൻപത്തെ അപേക്ഷിച്ച് ഇന്ന് ഉഷ്ണതരംഗത്തിനുള്ള സാധ്യത 200 മടങ്ങ് വർദ്ധിച്ചുവെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ഫ്രാൻസിൽ കടുത്ത ചൂട് അനുഭവപ്പെട്ട ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്തെ ശരാശരി മരണനിരക്കിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. സാധാരണ ദിവസങ്ങളിൽ 900 മുതൽ 1,000 വരെ മരണങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ള സ്ഥാനത്ത്, കടുത്ത ചൂടുണ്ടായിരുന്ന ദിവസങ്ങളിൽ ഇത് 1,400 വരെയായി ഉയർന്നു. മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 1,000 അധിക മരണങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. വീടുകളിൽ ഒറ്റപ്പെട്ടുപോയവരുടെ കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നതോടെ മരണസംഖ്യ ഇനിയും ഉയർന്നേക്കും. മരണപ്പെട്ടവരിൽ 85 ശതമാനവും 65 വയസ്സിന് മുകളിലുള്ളവരാണെന്ന് അധികൃതർ വ്യക്തമാക്കി.
ഭൂമിയിൽ ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന ഭൂഖണ്ഡമാണ് യൂറോപ്പ്. നിലവിൽ 15 കോടി ജനങ്ങളാണ് ഇവിടെ ഉഷ്ണതരംഗത്തിന്റെ ദുരിതം അനുഭവിക്കുന്നത്. വിദ്യാലയങ്ങൾ അടച്ചിടേണ്ടി വരുന്നു, വൈദ്യുതി ബന്ധങ്ങൾ തകരാറിലാകുന്നു. യൂറോപ്യൻ വീടുകളും തൊഴിലിടങ്ങളും ഇത്തരം കടുത്ത ചൂടിനെ പ്രതിരോധിക്കാൻ തക്കവണ്ണമുള്ളതല്ല.
ജർമ്മനിയിലെ ഗോറിഷ്ഹൈഡ് (Gohrischheide), ട്രെയ്സെൻ (Traisen) എന്നിവിടങ്ങളിലെ വനമേഖലകളിൽ പടർന്നുപിടിച്ച കാട്ടുതീ അണയ്ക്കാൻ അഗ്നിശമനസേന കഠിനശ്രമത്തിലാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപേക്ഷിക്കപ്പെട്ട സ്ഫോടകവസ്തുക്കൾ നിറഞ്ഞ വനമേഖലയായതിനാൽ, തീ പടരുന്നതിനിടെ വലിയ സ്ഫോടനങ്ങൾ ഉണ്ടാകുന്നത് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. സുരക്ഷ മുൻനിർത്തി ട്രെയ്സെൻ മേഖലയിലെ അറുന്നൂറിലധികം ജനങ്ങളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കടുത്ത ചൂടിനെ തുടർന്ന് റെയിൽവേ പാളങ്ങൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചതിനാൽ ജർമ്മനിയിൽ ഗതാഗത സംവിധാനങ്ങൾ പലതും താല്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഉഷ്ണതരംഗത്തിന് പിന്നാലെ ഡെന്മാർക്ക്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ കനത്ത ഇടിമിന്നലോടുകൂടിയ ശക്തമായ കൊടുങ്കാറ്റും അനുഭവപ്പെടുന്നുണ്ട്.
Severe heatwave ravages Europe; over a thousand dead in France, massive forest fires in Germany
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






