ലണ്ടൻ: നോർത്ത് വെയിൽസിലെ കോൾവിൻ ബേയിൽ താമസിച്ചിരുന്ന വിഷ്ണു രമാദേവി (39) എന്ന മലയാളി യുവാവിന് ലൈംഗികാതിക്രമക്കേസിൽ 11 വർഷവും ആറുമാസവും തടവുശിക്ഷ. ഇയാളെ ‘അപകടകാരിയായ കുറ്റവാളി’യെന്ന് വിശേഷിപ്പിച്ച കോടതി, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം യുകെയിൽ നിന്ന് നാടുകടത്താനും ഉത്തരവിട്ടു. മോൾഡ് ക്രൗൺ കോടതിയുടേതാണ് നടപടി.
2025 നവംബറിലാണ് ഇയാൾക്കെതിരായ പരാതി നോർത്ത് വെയിൽസ് പൊലീസിന് ലഭിക്കുന്നത്. പരാതി നൽകാനെത്തിയ യുവതിക്കൊപ്പമെത്തിയ മറ്റൊരു സ്ത്രീയും ഇതേ പ്രതിയുടെ ക്രൂരതകൾക്ക് ഇരയായതായി അന്വേഷണത്തിൽ തെളിഞ്ഞു. പീഡനം, ലൈംഗികാതിക്രമം, ആയുധം കാട്ടി ഭീഷണിപ്പെടുത്തൽ, കഴുത്തുഞെരിച്ച് ശ്വാസംമുട്ടിക്കൽ തുടങ്ങി നിരവധി ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. അന്വേഷണത്തിന്റെ തുടക്കത്തിൽ എല്ലാ കുറ്റങ്ങളും നിഷേധിച്ച പ്രതി, പരാതിക്കാർ തനിക്കെതിരെ ഗൂഢാലോചന നടത്തിയതാണെന്ന് വാദിച്ചു. എന്നാൽ വിചാരണയുടെ ആദ്യ ദിവസം തന്നെ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. അതിജീവിതകളിൽ നിന്ന് ശേഖരിച്ച ഡിഎൻഎ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും പ്രതിക്കെതിരെ ശക്തമായ തെളിവുകളായി കോടതിയിൽ ഹാജരാക്കി.
പ്രതിയുടെ പെരുമാറ്റത്തെ ‘ഭയാനകം’ എന്ന് വിശേഷിപ്പിച്ച ജഡ്ജി തിമോത്തി പെറ്റ്സ്, രണ്ട് സ്ത്രീകളെ ദീർഘകാലം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിന് ഇയാൾ കടുത്ത ശിക്ഷ അർഹിക്കുന്നുവെന്നും വ്യക്തമാക്കി. അതിജീവിതകൾ കാണിച്ച ധൈര്യത്തെ നോർത്ത് വെയിൽസ് പൊലീസ് അഭിനന്ദിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ മൗനം വെടിയണമെന്നും പരാതിയുമായി മുന്നോട്ട് വരണമെന്നും പൊലീസ് അധികൃതർ അഭ്യർത്ഥിച്ചു. പരാതിക്കാരുടെ സുരക്ഷയ്ക്കും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്നും അവർ ഉറപ്പുനൽകി.
Malayali has been jailed for serious sexual offences
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






