കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദര്‍ശിനി’ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കനത്ത പ്രതിസന്ധിയിലേക്ക്. പദ്ധതി പ്രാബല്യത്തിൽ വന്നതോടെ യാത്രക്കാർ കൂട്ടത്തോടെ കെഎസ്ആർടിസിയെ ആശ്രയിക്കാൻ തുടങ്ങിയതാണ് സ്വകാര്യ ബസുകൾക്ക് തിരിച്ചടിയായത്. നിലവിൽ കാസര്‍കോട് ജില്ലയിൽ മാത്രം ഇരുപതോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ അവസാനിപ്പിക്കാനാണ് ബസുടമകളുടെ തീരുമാനം. അന്തർ സംസ്ഥാന റൂട്ടുകളിൽ ഉൾപ്പെടെ യാത്രക്കാരില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കാസര്‍കോട് നിന്ന് കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന എഴ് പ്രധാന ബസ് റൂട്ടുകളിലൊന്നും ഇപ്പോൾ സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ കയറുന്നില്ലെന്നാണ് ഉടമകൾ പറയുന്നത്. സ്ത്രീകൾ കെഎസ്ആർടിസി തെരഞ്ഞെടുക്കുമ്പോൾ അവരോടൊപ്പമുള്ള പുരുഷന്മാരും പ്രിയദർശിനി ബസുകളിലേക്ക് മാറുന്നത് സ്വകാര്യ ബസുകളിലെ തിരക്ക് പൂർണ്ണമായി കുറയാൻ കാരണമായി. ഒരു ദിവസം ഒരു ബസിന് 4000 രൂപ മുതൽ 6000 രൂപ വരെയാണ് നഷ്ടം വരുന്നത്. കോഴിക്കോട് ജില്ലയിലെ ഉൾപ്രദേശങ്ങളായ കുറ്റ്യാടി, കുന്ദമംഗലം, താമരശേരി, മുക്കം, മാവൂര്‍, വടകര, കൊയിലാണ്ടി അടക്കമുള്ള റൂട്ടുകളിലും വലിയ നഷ്ടമാണ് ബസുടമകൾ നേരിടുന്നത്. കോഴിക്കോട് നിന്ന് പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന ദീർഘദൂര സര്‍വീസുകളടക്കം നിര്‍ത്തിവെക്കാൻ ഉടമകൾ ആലോചിക്കുന്നുണ്ട്.
നഷ്ടം സഹിച്ചു മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിൽ കോഴിക്കോട് നൂറിലധികം സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് നിലവിലെ തീരുമാനം. സർക്കാരിൽ നിന്ന് പ്രതിദിനം ലഭിക്കുന്ന തുക തുച്ഛമായതിനാൽ തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സ്വകാര്യ ബസ് മേഖലയിലുള്ളത്. കാസർകോട് ജില്ലയിൽ കെഎസ്ആർടിസി ഇല്ലാത്ത മൂന്ന് റൂട്ടുകൾ മാത്രമാണുള്ളത്. എന്നാൽ ഇവയാകട്ടെ പരമാവധി 15 മുതൽ 18 രൂപ വരെ മാത്രം ടിക്കറ്റ് നിരക്കുള്ള ചെറിയ പോയിന്റുകളാണെന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ജൂലൈ ഒന്ന് മുതൽ കൂടുതൽ സർവീസുകൾ ഔദ്യോഗികമായി അവസാനിപ്പിക്കാനാണ് ബസുടമകളുടെ നീക്കം.
പ്രതിസന്ധി മറികടക്കാൻ ബസ് ചാര്‍ജ് വര്‍ധന നടപ്പിലാക്കുകയോ അല്ലെങ്കിൽ വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ദ്ധിപ്പിക്കുകയോ ചെയ്യണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. നിലവിലെ സാഹചര്യങ്ങൾ വിവരിച്ച് ബസുടമകളുടെ സംഘടനകൾ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ഇതിനോടകം നിവേദനം നല്‍കിയിട്ടുണ്ട്. സർക്കാരുമായി ചർച്ചകൾ നടക്കുന്നതിനാൽ പെട്ടെന്നൊരു സമരത്തിലേക്ക് പോകാൻ സംഘടനകൾ തീരുമാനിച്ചിട്ടില്ല. എന്നാൽ, നിവേദനത്തിൽ അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം.
Private buses empty after ‘Priyadarshini’ arrives; Bus owners unable to stand up to KSRTC
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





