യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ സർവീസ് ജൂൺ 30-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ജൂലൈ മാസം മുതൽ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്ത് ജനങ്ങൾക്ക് ഔദ്യോഗികമായി ട്രെയിൻ യാത്ര ആരംഭിക്കാം. അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കാണ് ആദ്യ സർവീസ് നിശ്ചയിച്ചിരിക്കുന്നത്. ജൂൺ 23-ന് ബുക്കിംഗ് ആരംഭിച്ചതോടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ രണ്ട് ദിവസത്തിനുള്ളിൽ തന്നെ 5,000-ത്തിലധികം യാത്രക്കാർ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും ജൂൺ 30-ലെ ആദ്യ മൂന്ന് സർവീസുകളിലെയും മുഴുവൻ സീറ്റുകളും വിറ്റുതീരുകയും ചെയ്തു. തുടർന്ന് 2026 സെപ്റ്റംബറോടെ ദുബായ്, അൽ ദൈദ് സ്റ്റേഷനുകളും ഡിസംബറോടെ അൽ ദഫ്ര സ്റ്റേഷനുകളും തുറക്കും. 2027 മാർച്ചിൽ ഷാർജ സ്റ്റേഷൻ കൂടി വരുന്നതോടെ റെയിൽ ശൃംഖല പൂർണ്ണമാകും.
യുഎഇയിലെ ഇന്ത്യൻ പ്രവാസികളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന മാറ്റമാണിത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപന പ്രകാരം ജൂലൈ 1 മുതൽ ആഗോളതലത്തിൽ പാസ്പോർട്ട് നിരക്കുകൾ 75 ശതമാനം വരെ വർദ്ധിക്കും. ദിർഹത്തിലുള്ള പുതുക്കിയ ഫീസ് വിവരങ്ങൾ യുഎഇയിലെ ഇന്ത്യൻ എംബസി ഉടൻ പ്രഖ്യാപിക്കും. ഇതോടൊപ്പം ബിഎൽഎസ് (BLS) വഴിയുള്ള സേവനങ്ങൾ അവസാനിപ്പിച്ച് ജൂലൈ 1 മുതൽ ‘ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ’ എന്ന ഒരൊറ്റ പ്ലാറ്റ്ഫോമിന് കീഴിൽ കോൺസുലാർ സേവനങ്ങൾ മാറും. ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ ആണ് ഈ സേവനങ്ങളുടെ പുതിയ ചുമതലക്കാർ. പാസ്പോർട്ട് പുതുക്കൽ, ഒസിഐ കാർഡുകൾ, വിസ അപേക്ഷകൾ, പിസിസി, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ എന്നിവയെല്ലാം ഇനി ഇവിടെ ലഭിക്കും. ഓരോ ഇടപാടിനും 19 ദിർഹം മാത്രമാണ് അൽഹിന്ദ് സർവീസ് ചാർജ് ഈടാക്കുക. വെറും 30 മിനിറ്റിൽ പ്രൊസസിംഗും, അഞ്ച് ദിവസത്തിനകം അപ്പോയിന്റ്മെന്റും ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
യുഎഇയിലെ സ്കൂളുകൾ വേനലവധിക്കായി ജൂലൈ 3 വെള്ളിയാഴ്ചയോടെ അടയ്ക്കും. എട്ട് ആഴ്ച നീണ്ടുനിൽക്കുന്ന നീണ്ട അവധിക്കാലമാണ് ഇത്തവണ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. പ്രവാസികൾ കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്ന വലിയൊരു യാത്രാ സീസണിന് കൂടിയാണ് ഇതോടെ തുടക്കമാകുന്നത്. വിമാനത്താവളങ്ങളിലും ഈ ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് കണക്കുകൂട്ടൽ. നീണ്ട അവധിക്കാലത്തിന് ശേഷം പുതിയ അധ്യയന വർഷം ആഗസ്റ്റ് 31 തിങ്കളാഴ്ചയായിരിക്കും ആരംഭിക്കുക.
ഷാർജയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ആളുകൾക്ക് പ്രധാനപ്പെട്ട മാറ്റമാണിത്. ജൂലൈ 1 മുതൽ ഷാർജ സിറ്റി മുനിസിപ്പാലിറ്റി പൊതു പാർക്കിംഗ് സമയങ്ങൾ രാത്രി 12 മണി വരെ ദീർഘിപ്പിച്ചു. ഇതോടെ മഞ്ഞ ബോർഡുകളുള്ള പാർക്കിംഗ് ഏരിയകളും ബ്ലൂ ബോർഡ് സോണുകൾക്ക് തുല്യമായി അർധരാത്രി വരെ പെയ്ഡ് പാർക്കിംഗ് ആയി മാറും. ഷാർജ സിറ്റി, കൽബ, ഖോർഫക്കാൻ, അൽ ദൈദ് എന്നിവയുൾപ്പെടെ എല്ലാ മേഖലകൾക്കും ഇത് ബാധകമാണ്. അതേസമയം, ഷോപ്പിംഗ് പ്രേമികൾ കാത്തിരിക്കുന്ന ‘ദുബായ് സമ്മർ സർപ്രൈസസ്’ 29-ാമത് എഡിഷൻ ജൂലൈ 2 മുതൽ ആഗസ്റ്റ് 30 വരെ നടക്കും. “മേക്ക് ഇറ്റ എ ദുബായ് സമ്മർ” എന്ന പ്രമേയത്തിൽ 60 ദിവസമാണ് ഈ മെഗാ മേള നീണ്ടുനിൽക്കുക. വൻ വിലക്കിഴിവുകളും വിനോദ പരിപാടികളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
യുഎഇയിലെ കോർപ്പറേറ്റ് അല്ലെങ്കിൽ ബിസിനസ്സ് മേഖലയിലുള്ളവർക്ക് ജൂലൈ 1 ഒരു നിർണ്ണായക സമയപരിധിയാണ്. പുതിയ നികുതി വ്യവസ്ഥകളുടെ ഭാഗമായി ബിസിനസ്സുകൾ ഔദ്യോഗികമായി ഒരു ‘അക്രെഡിറ്റഡ് സർവീസ് പ്രൊവൈഡറെ’ (Accredited Service Provider) തിരഞ്ഞെടുത്ത് തങ്ങളുടെ ധനകാര്യ സിസ്റ്റങ്ങൾ ഇ-ഇൻവോയ്സിംഗ് രീതിയിലേക്ക് മാറ്റേണ്ടതുണ്ട്. ഭാവിയിൽ നികുതി റിപ്പോർട്ടിംഗിലും ഓഡിറ്റിംഗിലും തടസ്സങ്ങൾ ഒഴിവാക്കാൻ ഈ മാറ്റം ബിസിനസ് സ്ഥാപനങ്ങൾ അടിയന്തിരമായി ചെയ്യേണ്ടതാണെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.
Major changes in the UAE from July 1st; New reforms from Emirates ID to passport laws
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





