ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുള്ള യാത്ര മണിക്കൂറുകളോളം വൈകിയ സംഭവത്തിൽ ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് യാത്രാ തടസ്സത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ഉദ്യോഗസ്ഥരോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ടെന്നും ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ തുടർനടപടികൾ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് 2.50-ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന് കൃത്യസമയത്ത് ബോർഡിങ് അറിയിപ്പ് ലഭിച്ചില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് വരുന്ന കാര്യം വിമാനക്കമ്പനിയെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും, ബോർഡിങ് ആരംഭിച്ച വിവരമോ ഗേറ്റ് മാറിയ വിവരമോ കമ്പനി അധികൃതർ തങ്ങളെ അറിയിച്ചില്ലെന്നുമാണ് കേരള ഹൗസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. റസിഡന്റ് കമ്മീഷണർ ഈ വിശദീകരണം വിശദമായി പരിശോധിക്കും.
സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് മടങ്ങാനായി യോഗം പൂർത്തിയാകുന്നതിന് മുൻപ് തന്നെ പിണറായി വിജയൻ പാർട്ടി ആസ്ഥാനത്തുനിന്ന് ഇറങ്ങിയിരുന്നു. കേരള ഹൗസിൽ എത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം വിമാനത്താവളത്തിലേക്ക് തിരിച്ചത്. ആദ്യ വിമാനം നഷ്ടമായതിനെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്ന അദ്ദേഹം, പിന്നീട് രാത്രി 7.15-ന്റെ വിമാനത്തിലാണ് കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഈ വിമാനവും നിശ്ചയിച്ച സമയത്തേക്കാൾ 25 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.
Pinarayi Vijayan’s delayed travel incident: Action may be taken against Kerala House officials
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





