മലയാള സിനിമയിലെ പ്രിയ കൂട്ടുകെട്ടായ അൽഫോൺസ് പുത്രനും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു. നിവിൻ പോളിയുടെ കരിയറിലെ അമ്പതാം ചിത്രമായ (NP 50) ഈ പുതിയ പ്രൊജക്റ്റിന് ‘വിജയം’ എന്നാണ് പേരിട്ടിരിക്കുന്നത്. നാല് മിനിറ്റോളം ദൈർഘ്യമുള്ള രസകരമായ ഒരു അനൗൺസ്‌മെന്റ് വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്. വഴിയരികിൽ ലിഫ്റ്റിനായി കാത്തുനിൽക്കുന്ന അൽഫോൺസ് പുത്രന്റെ അരികിലേക്ക് റേസിങ് ബൈക്കിൽ നിവിൻ പോളി എത്തുന്നതും, തുടർന്ന് ഇരുവരും ഒരുമിച്ച് യാത്ര തിരിക്കുന്നതുമാണ് വീഡിയോയുടെ പ്രമേയം. സംവിധായകന്റെ മുൻകാല സിനിമകളെക്കുറിച്ചുള്ള ചില സെൽഫ് ട്രോൾ ഘടകങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അൽഫോൺസ് പുത്രൻ തന്നെയാണ് ‘വിജയ’ത്തിന്റെ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിക്കുന്നത്. നിവിൻ പോളിയുടെ സ്വന്തം ബാനറായ പോളി ജൂനിയർ പിക്‌ച്ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്. ഷിനോസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സ്റ്റീവ് കോട്ടൂരാണ് സംഗീത സംവിധാനം ഒരുക്കുന്നത്. ശബരീഷ് വർമ വരികൾ എഴുതുമ്പോൾ, അനൗൺസ്‌മെന്റ് വീഡിയോയിലെ ഇംഗ്ലീഷ് വരികൾ തയാറാക്കിയിരിക്കുന്നത് സെബാ ടോമിയാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല.
‘നേരം’, ‘പ്രേമം’, ‘ഗോൾഡ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രൻ മലയാളത്തിൽ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ഇതിനിടെ തമിഴിൽ ‘അവിയൽ’ എന്ന ആന്തോളജി സിനിമയിലെ ‘ഏലി’ എന്ന ഭാഗവും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ‘സർവ്വം മായ’, ‘വാഴ 2’, ‘ബാൾട്ടി’ എന്നീ സിനിമകളിലൂടെ അൽഫോൺസ് പുത്രൻ അടുത്തിടെ അഭിനേതാവായും ശ്രദ്ധ നേടിയിരുന്നു. പുതിയ ചിത്രമായ ‘വിജയ’ത്തിലും അദ്ദേഹം ഒരു പ്രധാന വേഷത്തിൽ എത്തിയേക്കുമെന്നാണ് സൂചനകൾ. അൽഫോൺസ് പുത്രന്റെ വേറിട്ട ശൈലിയിലുള്ള മേക്കിങ്ങും നിവിൻ പോളിയുടെ പുതിയ ലുക്കും ചിത്രത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
After ‘Prema’ and ‘Nera’, they’re back! This is the title Alphonse Putran has suggested for Nivin Pauly’s 50th film!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





