എഡ്മന്റൺ: ആൽബർട്ടയിൽ കാൻസർ രോഗികൾക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ചികിത്സ ഉറപ്പാക്കുന്നതിനായി സർക്കാർ പുതിയ പത്തു വർഷത്തെ കർമ്മപദ്ധതി പ്രഖ്യാപിച്ചു. രോഗികളുടെ എണ്ണം വർധിക്കുന്നതും ശസ്ത്രക്രിയയ്ക്കും വിദഗ്ധ പരിശോധനകൾക്കുമായി വലിയ തോതിൽ കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് ആരോഗ്യവകുപ്പ് പുതിയ തന്ത്രരേഖ പുറത്തിറക്കിയത്. നിലവിൽ ഈ വർഷം മാർച്ചിലെ കണക്കുകൾ പ്രകാരം, പ്രധാനപ്പെട്ട അഞ്ച് കാൻസർ ശസ്ത്രക്രിയകളിൽ 54 ശതമാനം മാത്രമാണ് നിശ്ചിത സമയത്തിനുള്ളിൽ നടത്താൻ കഴിഞ്ഞിട്ടുള്ളതെന്നും ഈ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ നീക്കമെന്നും ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാൻജ് വ്യക്തമാക്കി.
ആൽബർട്ടയിലെ ജനങ്ങളിൽ രണ്ടിൽ ഒരാൾക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും കാൻസർ വരാൻ സാധ്യതയുണ്ടെന്നും 2040 ആകുമ്പോഴേക്കും രോഗബാധിതരുടെ എണ്ണം 1.31 ലക്ഷമായി ഉയരുമെന്നുമാണ് ഔദ്യോഗിക വിലയിരുത്തൽ. ഇത് മുൻകൂട്ടി കണ്ടുകൊണ്ട്, വരും വർഷങ്ങളിൽ രോഗനിർണ്ണയത്തിനുള്ള കാത്തിരിപ്പ് സമയം നാല് മുതൽ ആറ് ആഴ്ചയായി കുറയ്ക്കാനും 2030-ഓടെ 90 ശതമാനം രോഗികൾക്കും സമയബന്ധിതമായി ചികിത്സ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതിനായി പരിശോധനകൾ വേഗത്തിലാക്കുന്ന പ്രത്യേക സംവിധാനവും വിദഗ്ധ ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള കാത്തിരിപ്പ് സമയം പകുതിയായി കുറയ്ക്കാനുള്ള നടപടികളും ഘട്ടങ്ങളായി നടപ്പിലാക്കും.
ചികിത്സാ രംഗത്തെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി കൂടുതൽ ഓങ്കോളജിസ്റ്റുമാരെ സർക്കാർ നിയമിക്കുകയാണ്. ഈ വർഷം മാത്രം 17 പുതിയ ഡോക്ടർമാരെ നിയമിക്കുന്നതിനായി 16 മില്യൺ ഡോളർ നീക്കിവെച്ചിട്ടുണ്ട്. കൂടാതെ അടുത്ത മൂന്ന് വർഷത്തെ കാൻസർ ചികിത്സയ്ക്കായി 1.2 ബില്യൺ ഡോളറിന്റെ വലിയൊരു തുകയും സർക്കാർ വകയിരുത്തിയിട്ടുണ്ട്. അതേസമയം, പദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും കഴിഞ്ഞ ഏഴ് വർഷമായി ശസ്ത്രക്രിയാ കാത്തിരിപ്പ് സമയം വർധിക്കാൻ കാരണം ആരോഗ്യരംഗത്തെ സർക്കാരിന്റെ മോശം തീരുമാനങ്ങളാണെന്ന വിമർശനവുമായി പ്രതിപക്ഷമായ എൻഡിപി രംഗത്തെത്തിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Alberta government prepares for major changes in cancer treatment as number of patients rises





