ടോക്കിയോ: വടക്കൻ ജപ്പാൻ തീരത്ത് വ്യാഴാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആദ്യഘട്ടത്തിൽ 6.9 തീവ്രതയാണ് കണക്കാക്കിയിരുന്നതെങ്കിലും പിന്നീട് ഇത് 7.2 ആയി പുതുക്കുകയായിരുന്നു. അതേസമയം യു.എസ്. ജിയോളജിക്കൽ സർവേ ഭൂചലനത്തിന്റെ തീവ്രത 6.9 ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവാട്ടെയുടെ കിഴക്കൻ തീരക്കടലിൽ ഭൂപ്രതലത്തിൽ നിന്നും ഏകദേശം 50 കിലോമീറ്റർ (30 മൈൽ) ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ ഭൂചലനമാണ് ഉണ്ടായതെങ്കിലും നിലവിൽ സുനാമി ഭീഷണികളൊന്നും തന്നെയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ ആളുകൾ ജോലിസ്ഥലങ്ങളിലേക്കും മറ്റും പോകുന്ന തിരക്കേറിയ സമയത്താണ് ഭൂചലനം ഉണ്ടായത്. വടക്കുകിഴക്കൻ ജപ്പാൻ മേഖലയിലാണ് ഇത് കൂടുതൽ ബാധിച്ചതെങ്കിലും രാജ്യത്തിന്റെ തലസ്ഥാനമായ ടോക്കിയോവിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂകമ്പത്തെത്തുടർന്ന് നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗവൺമെന്റ് വക്താവ് മിനോരു കിഹാര മാധ്യമങ്ങളെ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി വടക്കുകിഴക്കൻ മേഖലകളിൽ സർവീസ് നടത്തുന്ന ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിയുടെ ചില ബുള്ളറ്റ് ട്രെയിനുകളും പ്രാദേശിക ട്രെയിൻ സർവീസുകളും സുരക്ഷാ പരിശോധനകൾക്കായി താൽക്കാലികമായി നിർത്തിവെച്ചു.
ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും വിവരങ്ങൾ വിലയിരുത്തി വരുംദിവസങ്ങളിൽ ആവശ്യമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അടിയന്തര സംഘം സജ്ജമാണെന്നും പ്രധാനമന്ത്രി സനെയ് തകൈച്ചി അറിയിച്ചു. വരും ദിവസങ്ങളിൽ തുടർച്ചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അവർ പ്രദേശവാസികളോട് അഭ്യർത്ഥിച്ചു. ഭൂചലനം ശക്തമായി ബാധിച്ച സെൻഡായ്, മൊരിയോക്ക തുടങ്ങിയ നഗരങ്ങളിൽ മിനിറ്റുകളോളം പ്രകമ്പനം നീണ്ടുനിന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിലയിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും കുട്ടികളെ സുരക്ഷിതമായി വീടുകളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
പസഫിക് റിങ് ഓഫ് ഫയർ (Pacific Ring of Fire) മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ പ്രദേശത്ത് നിരന്തരം ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഇതേ മേഖലയിലുണ്ടായ ഭൂചലനത്തെ തുടർന്ന് ഒരാഴ്ച നീണ്ടുനിന്ന വലിയ ഭൂകമ്പ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. 2011-ലെ വൻ ഭൂകമ്പത്തിലും സുനാമിയിലും തകർന്ന ഫുകുഷിമ ഡൈച്ചി പ്ലാന്റ് ഉൾപ്പെടെയുള്ള ആണവനിലയങ്ങൾക്കൊന്നും വ്യാഴാഴ്ചയുണ്ടായ ഭൂചലനത്തിൽ കേടുപാടുകളോ അസാധാരണമായ സാഹചര്യങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.
Strong 7.2 Earthquake Hits Northern Japan Coast, No Tsunami
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





