മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് തന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. തിരുവനന്തപുരത്ത് നടക്കുന്ന ലളിതമായ ചടങ്ങുകളോടെയായിരിക്കും പുതിയ വസതിയിലേക്കുള്ള പ്രവേശം. പൈതൃക വസതിയായ ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടന്നുവന്നതിനാലാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു മാസത്തോളമായിട്ടും അദ്ദേഹം കന്റോൺമെന്റ് ഹൗസിൽ തുടർന്നിരുന്നത്. വലിയ ആഘോഷങ്ങളോ മറ്റ് ഔദ്യോഗിക ചടങ്ങുകളോ ഇല്ലാതെ, പാൽ കാച്ചൽ മാത്രമായിട്ടായിരിക്കും താമസം മാറ്റം നടക്കുകയെന്നാണ് വിവരം.
വിപുലമായ ചടങ്ങുകൾ ഒഴിവാക്കി അങ്ങേയറ്റം ലളിതമായാണ് മുഖ്യമന്ത്രിയുടെ വസതി മാറ്റം ക്രമീകരിച്ചിരിക്കുന്നത്. ക്ലിഫ് ഹൗസിൽ നടക്കുന്ന പാൽ കാച്ചൽ ചടങ്ങിൽ മുഖ്യമന്ത്രിയും ഭാര്യയും മകളും മറ്റ് അടുത്ത ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. മുഖ്യമന്ത്രി താമസം മാറാൻ വൈകുന്നതിനെച്ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾ നടന്നിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ പുതിയ വസതിയിലേക്ക് മാറുകയുള്ളൂ എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.
ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും നേരത്തെ തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്ത് ക്ലിഫ് ഹൗസിൽ നീന്തൽക്കുളം സ്ഥാപിച്ചതും പശുത്തൊഴുത്ത് നിർമ്മിച്ചതുമുൾപ്പെടെയുള്ള കാര്യങ്ങൾ വലിയ പ്രതിപക്ഷ വിമർശനങ്ങൾക്ക് കാരണമായിരുന്നു. നിലവിൽ വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ സാഹചര്യത്തിൽ, അവിടെ ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അങ്ങോട്ട് താമസം മാറ്റും.
Cantonment House vacated; Chief Minister V.D. Satheesan will move to Cliff House today
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





