ഒട്ടാവ: കണ്ണിലെ ക്ഷീണമകറ്റാൻ പെർക്കസീവ് മസാജ് ഗണ്ണുകൾ നേരിട്ട് കണ്ണുകൾക്ക് ചുറ്റും ഉപയോഗിക്കുന്നത് ഗുരുതരമായ കാഴ്ചാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മെഡിക്കൽ റിപ്പോർട്ട്. BMJ Case Reports-ൽ പ്രസിദ്ധീകരിച്ച ഒരു കേസ് സ്റ്റഡിയിലാണ് ഇത്തരം ഉപകരണങ്ങളുടെ ദുരുപയോഗം മൂലം യുവാവിന് കാഴ്ചാ തകരാറുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കണ്ണുകൾക്ക് ചുറ്റും മസാജ് ഗൺ തുടർച്ചയായി ഉപയോഗിച്ച ഒരു വിദ്യാർത്ഥിക്കാണ് റെറ്റിനയിൽ ഗുരുതരമായ പരിക്കുകൾ സംഭവിച്ചത്. കണ്ണിൽ പെട്ടെന്ന് ഫ്ളാഷുകൾ കാണുന്നതായും ഫ്ലോട്ടേഴ്സ് അനുഭവപ്പെടുന്നതായും പരാതിപ്പെട്ടാണ് ഇദ്ദേഹം ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ റെറ്റിനയിൽ ഒന്നിലധികം പൊട്ടലുകളും റെറ്റിനൽ ഡയാലിസിസ് എന്ന അവസ്ഥയും കണ്ടെത്തി. വലിയ അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ് സാധാരണയായി ഇത്തരം പരിക്കുകൾ ഉണ്ടാകാറുള്ളത്. കഴിഞ്ഞ മൂന്നു മാസമായി ആഴ്ചയിൽ പലതവണ, ദിവസവും മിനിറ്റുകളോളം കണ്ണുകൾക്ക് ചുറ്റും മസാജ് ഗൺ ഉപയോഗിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് വ്യക്തമായി.
ലേസർ ചികിത്സയിലൂടെ റെറ്റിനയിലെ പൊട്ടലുകൾ പരിഹരിക്കുകയും കാഴ്ച സംരക്ഷിക്കുകയും ചെയ്തെങ്കിലും, മസാജ് ഗണ്ണുകൾ കണ്ണിലോ അതിന് ചുറ്റുമോ ഉപയോഗിക്കുന്നത് അതീവ അപകടകരമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ ഇവ കണ്ണിൽ ഉപയോഗിക്കരുതെന്ന് വ്യക്തമായ മുന്നറിയിപ്പ് നൽകണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു. കാഴ്ചയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികതകൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ നേത്രരോഗ വിദഗ്ധന്റെ സേവനം തേടേണ്ടതാണ്.
Case report warns of eye damage from massage guns
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




