ബെലോ ഹൊറിസോണ്ടെ: ബ്രസീൽ സൂപ്പർതാരം നെയ്മറെ പരിഹസിച്ച് ബ്രസീലിയൻ പ്രസിഡന്റ് ലുല ഡാ സിൽവ രംഗത്തെത്തി. ബെലോ ഹൊറിസോണ്ടെയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ നെയ്മറെ ലോകത്തിലെ ആദ്യത്തെ ‘വർക്ക് ഫ്രം ഹോം’ (ഹോം ഓഫീസ്) പ്ലേയർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പരിപാടിക്കിടെ സദസിലുണ്ടായിരുന്ന ഒരു കുട്ടിയോട് ബ്രസീൽ ടീമിലെ ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്ന് ലുല ചോദിച്ചപ്പോൾ ‘നെയ്മർ’ എന്ന് കുട്ടി മറുപടി നൽകിയതായിരുന്നു ലുലയെ പ്രകോപിപ്പിച്ചത്.
നെയ്മര്‍ ഇപ്പോള്‍ കളിക്കുന്നതേയില്ലെന്നും ഇന്റര്‍നെറ്റില്‍ കണ്ട ഒരു തമാശയാണിതെന്നും പറഞ്ഞ ലുല, ഇങ്ങനെ പോയാല്‍ ഏതെങ്കിലും ഒരു ദിവസം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് 11 പെലെമാരുള്ള ഒരു ദേശീയ ടീമിനെ ഉണ്ടാക്കേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു. ഈ പ്രതികരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രസിഡന്റിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായ 34 കാരനായ നെയ്മർ 129 മത്സരങ്ങളിൽ നിന്നായി 79 ഗോളുകൾ നേടിയിട്ടുണ്ട്. പരിക്ക് മൂലം കരിയറിൽ നിരവധി മത്സരങ്ങളും ടൂർണമെന്റുകളും നഷ്ടമായ താരം കരിയറിലെ അവസാന ലോകകപ്പിലാണ് നിലവിലുള്ളത്. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിന് വേണ്ടി കളിക്കുന്ന നെയ്മർ, ഫിറ്റ്നസ് വീണ്ടെടുത്ത സാഹചര്യത്തിൽ സ്കോട്ലാന്റുമായുള്ള അടുത്ത ഗ്രൂപ്പ് മത്സരത്തിൽ ഇറങ്ങുമെന്ന് കോച്ച് ആൻസലോട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ഹെയ്തിയുമായുള്ള കഴിഞ്ഞ മത്സരത്തിൽ വിജയിച്ച ബ്രസീലിന് നോക്ക്ഔട്ട് ഘട്ടം ഉറപ്പിക്കാൻ സ്കോട്ലാന്റുമായുള്ള മത്സരം നിർണായകമാണ്. നിലവിൽ പരിക്കിൽ നിന്ന് പൂർണ്ണമായി മോചിതനായി നെയ്മർ തിരിച്ചെത്തുന്നതോടെ ടീമിന്റെ ആക്രമണ നിര കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രമുഖ താരത്തിന്റെ തിരിച്ചുവരവ് ടീമിന് വലിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തൽ.
“Neymar is the world’s first ‘work from home’ player”; Brazilian President Lula da Silva mocks the star
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





