ഒട്ടാവ : ഇറക്കുമതി ചെയ്യുന്ന കാനിലാക്കിയ പച്ചക്കറികൾക്ക് (Canned vegetables) കാനഡ 10 ശതമാനം താരിഫ് ഏർപ്പെടുത്തി. 2026 ജൂൺ 19 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ നടപടി, ആഭ്യന്തര ഉത്പാദകർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അധികൃതർ അറിയിച്ചു. കാനഡയുടെ വ്യാപാര കരാറുകൾ നിലവിലുള്ളതിനാൽ അമേരിക്ക, മെക്സിക്കോ, ഇസ്രായേൽ, ചിലി എന്നിവടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കും ഈ നികുതി ബാധകമല്ലെന്ന് കാനഡ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
പരമാവധി 200 ദിവസത്തേക്കാണ് ഈ താൽക്കാലിക താരിഫ് ഏർപ്പെടുത്തിയിരിക്കുന്നത്. കാനിലാക്കിയ പച്ചക്കറികളുടെ ഇറക്കുമതി വർദ്ധിക്കുന്നത് രാജ്യത്തെ ആഭ്യന്തര പ്രോസസ്സർമാരെ ദോഷകരമായി ബാധിക്കുന്നുണ്ടോ എന്ന് പഠിക്കാൻ കനേഡിയൻ ഇന്റർനാഷണൽ ട്രേഡ് ട്രിബ്യൂണൽ നടത്തുന്ന അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് ഈ താൽക്കാലിക സുരക്ഷാ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
സെപ്റ്റംബർ 9-ഓടെ ട്രിബ്യൂണൽ അന്വേഷണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി കാരണം കനേഡിയൻ പച്ചക്കറി ഉത്പാദകർക്ക് ദോഷകരമായ ആഘാതം ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ ഈ താരിഫ് നിർത്തലാക്കും. ആഭ്യന്തര പച്ചക്കറി മേഖലയ്ക്ക് ആശ്വാസം നൽകുന്നതോടൊപ്പം കനേഡിയൻ ജനതയുടെ ഭക്ഷ്യസുരക്ഷയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുന്ന സമതുലിതമായ സമീപനത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ വ്യക്തമാക്കി.
Canada imposes 10% tariff on imports of canned vegetables; exemptions for countries including the US
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









