ഒട്ടാവ: ഫെഡറൽ സർക്കാരിന്റെ പുതിയ കുടിയേറ്റ നിയന്ത്രണ നയങ്ങളെത്തുടർന്ന് കാനഡയിലെ ജനസംഖ്യാ വളർച്ചയിൽ വൻ ഇടിവ് രേഖപ്പെടുത്തി. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2026-ലെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തെ ജനസംഖ്യയിൽ 0.1 ശതമാനത്തിന്റെ കുറവുണ്ടായി. നിലവിൽ 4.14 കോടിയാണ് കാനഡയിലെ ആകെ ജനസംഖ്യ. മുൻ പാദത്തെ അപേക്ഷിച്ച് മൂന്ന് മാസത്തിനിടെ 55,025 പേരുടെ കുറവാണ് രാജ്യത്തുണ്ടായത്. തുടർച്ചയായ മൂന്നാം പാദത്തിലാണ് കാനഡയിൽ ജനസംഖ്യ താഴേക്ക് പോകുന്നത്.
രാജ്യത്തെ കുറഞ്ഞ ജനനനിരക്കും താൽക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കാനുള്ള സർക്കാരിന്റെ പുതിയ നീക്കങ്ങളുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. 2027 അവസാനത്തോടെ താൽക്കാലിക താമസക്കാരുടെ എണ്ണം ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെയാക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് സ്ഥിരതാമസ അനുമതി ലഭിച്ചവരുടെ എണ്ണത്തിൽ 20.2 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കൂടാതെ, ആദ്യ പാദത്തിൽ താൽക്കാലിക താമസക്കാരുടെ എണ്ണത്തിൽ ഒരു ലക്ഷത്തിലധികം പേരുടെ കുറവും രേഖപ്പെടുത്തി. ജീവിതച്ചെലവ് വർധിച്ചതും പൊതുജനങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ചാണ് വിസ അപേക്ഷകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
വർഷങ്ങളായി കാനഡയുടെ ജനസംഖ്യാ വളർച്ചയെ താങ്ങിനിർത്തിയിരുന്നത് കുടിയേറ്റക്കാരായിരുന്നു. എന്നാൽ പുതിയ നിയന്ത്രണങ്ങൾ വന്നതോടെ വിദ്യാർത്ഥികൾക്കും വിദഗ്ധ തൊഴിലാളികൾക്കും വിസ ലഭിക്കുന്നത് കഠിനമായി. ഇതോടെ പലരും ഓസ്ട്രേലിയ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. കൃത്യസമയത്ത് ജോലി അനുമതി ലഭിക്കാത്തതും വിസാ പ്രതിസന്ധികളും കാരണം ഇന്ത്യൻ വിദ്യാർത്ഥികളും കുടുംബങ്ങളും വലിയ അനിശ്ചിതത്വത്തിലാണ്. ജീവിതം പ്രയാസകരമായതോടെ പല ഇന്ത്യൻ കുടുംബങ്ങളും ഇതിനകം തന്നെ നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. നിലവിലെ നിയന്ത്രണങ്ങൾ ഭവനവിലയും ജീവിതച്ചെലവും കുറയ്ക്കാൻ സഹായിക്കുമെന്നാണ് സർക്കാർ കരുതുന്നതെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് കാനഡയുടെ സാമ്പത്തിക വളർച്ചയെയും തൊഴിൽ വിപണിയെയും ദോഷകരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada tightens immigration policy; 55,025 people lost in three months; population growth slows










