എവിയാൻ-ലെ-ബെൻസ്: ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ നിർണായക വ്യാപാര സംഭാഷണം അബദ്ധത്തിൽ മൈക്കിലൂടെ പുറത്തായി. ഉച്ചകോടിയുടെ ഔദ്യോഗിക ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഇരുവരും പരസ്പരം ചായ്ഞ്ഞുനിന്ന് സംസാരിച്ച കാര്യങ്ങൾ മുറിയിലെ മൈക്രോഫോൺ ഒപ്പിയെടുത്തതോടെയാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഈ ‘ഹോട്ട് മൈക്ക്’ വിവാദം ഉടലെടുത്തത്. കാനഡയും ചൈനയും തമ്മിലുള്ള പുതിയ ഇലക്ട്രിക് വാഹന കരാറിനെക്കുറിച്ചാണ് ഇരുവരും സംസാരിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പ്രതിവർഷം 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ കുറഞ്ഞ നികുതി നിരക്കിൽ (6.1 ശതമാനം) കാനഡയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള പുതിയ കരാറിനെക്കുറിച്ചാണ് മാർക്ക് കാർണി ട്രംപിനോട് വിശദീകരിച്ചത്. തങ്ങളുടെ വാഹന വിപണിയുടെ മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണിതെന്നും, ഇറക്കുമതിക്ക് കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും കാർണി ട്രംപിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കാനഡയുടെ ഈ നീക്കത്തോട് “അത് നല്ലതാണ്, എനിക്ക് അത് ഇഷ്ടപ്പെട്ടു” എന്നായിരുന്നു ട്രംപിന്റെ അനുകൂല പ്രതികരണം. സ്വന്തം രാജ്യത്തെ വാഹന വിപണിയെ സംരക്ഷിക്കാൻ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിൽ 100 ശതമാനം നികുതി ഏർപ്പെടുത്തിയിരിക്കുന്ന അമേരിക്കയെ സംബന്ധിച്ച് കാനഡയുടെ ഈ പുതിയ നിലപാട് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
എന്നാൽ കാനഡ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ അവിടുത്തെ പ്രമുഖ വാഹന നിർമ്മാണ കമ്പനികളായ ഫോർഡ്, ജനറൽ മോട്ടോഴ്‌സ്, സ്റ്റെല്ലാന്റിസ് എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. ഈ നീക്കം ആഭ്യന്തര വിപണിയെ തകർക്കുമെന്നും സൈബർ സുരക്ഷാ ഭീഷണികൾ ഉയർത്തുമെന്നുമാണ് കമ്പനികളുടെ വിമർശനം. വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാറായ ‘കുസ്മ’ (CUSMA) അടുത്ത മാസം പുതുക്കാനിരിക്കെ പുറത്തുവന്ന ഈ സംഭാഷണം ഇരുരാജ്യങ്ങൾക്കുമിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കാനഡയുടെ വ്യാപാരമന്ത്രിയും അമേരിക്കൻ പ്രതിനിധികളും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചകളിൽ ഈ വിഷയം പ്രധാന ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Mic accidentally turned on; Secret trade talks between Trump and Carney during G7 summit leaked










