ഹാലിഫാക്സ്: പുരുഷ ജയിലിൽ കഴിയുന്ന ട്രാൻസ് വുമൺ ആയ അമാൻഡ ജോയ് കൂപ്പറിനെ വനിതാ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി അഭിഭാഷകർ കോടതിയിൽ. പുരുഷ ജയിലിൽ താൻ നിരന്തരം പീഡനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും ഇരയാകുകയാണെന്നും, ജീവന് ഭീഷണിയുണ്ടെന്നും 58-കാരിയായ കൂപ്പർ കോടതിയെ ബോധിപ്പിച്ചു.
2020-ൽ താൻ ട്രാൻസ് വനിതയാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ സഹതടവുകാരിൽ നിന്ന് ക്രൂരമായ അനുഭവങ്ങളാണ് ഉണ്ടായതെന്ന് അഭിഭാഷകയായ ജെസീക്ക റോസ് ഫെഡറൽ കോടതിയിൽ വാദിച്ചു. 2024-ൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ തനിക്ക്, പുരുഷ ജയിലിൽ കഴിയുന്നത് സുരക്ഷിതമല്ലെന്നും കൂപ്പർ പറയുന്നു. നിലവിൽ കടുത്ത സുരക്ഷാ സംവിധാനങ്ങളുള്ള ജയിലിൽ ഏകാന്തതടവിലാണ് ഇവർ കഴിയുന്നത്.
കൂപ്പറിനെ വനിതാ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അവരുടെ അഭിഭാഷക കോടതിയിൽ വാദിച്ചു. പുരുഷ ജയിലിൽ കഴിയുന്നത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും അവർ വ്യക്തമാക്കി. എന്നാൽ, കൂപ്പർ ഒരു ‘ഡേഞ്ചറസ് ഒഫൻഡർ’ ആണെന്നും, മുൻപ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നും സർക്കാർ അഭിഭാഷക ലൗറ റോഡ്സ് കോടതിയിൽ ചൂണ്ടിക്കാട്ടി. വനിതാ ജയിലുകൾ താരതമ്യേന കുറഞ്ഞ സുരക്ഷാ സംവിധാനങ്ങളുള്ളവയായതിനാൽ ഇവർ അവിടെ സുരക്ഷിതയല്ലെന്നും, മറ്റ് തടവുകാർക്ക് ഇവർ ഭീഷണിയാകുമെന്നും സർക്കാർ വാദിക്കുന്നു.
2001-ൽ വിവിധ ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷിക്കപ്പെട്ട കൂപ്പർ, ഡേഞ്ചറസ് ഒഫൻഡർ പദവിയിലുള്ള തടവുകാരിയാണ്. നിലവിൽ ഫെഡറൽ കോടതി ഈ കേസിൽ വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. കൂടാതെ, കോടതി വിധി വരുന്നതുവരെ ബ്രിട്ടീഷ് കൊളംബിയയിലെ വനിതാ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹർജിയും ഇവർ നൽകിയിട്ടുണ്ട്. കാനഡയിലെ ജയിൽ സംവിധാനത്തിൽ നിലവിൽ 88 ട്രാൻസ് വനിതകളാണുള്ളത്, ഇതിൽ 72 പേരും പുരുഷ ജയിലുകളിലാണ് കഴിയുന്നത്.
Lawyer pleads case of transgender woman seeking transfer out of men’s prison
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










