വിന്നിപെഗ്: മാനിറ്റോബയിൽ ജൂൺ 9-നുണ്ടായ കനത്ത കൊടുങ്കാറ്റിലും ആലിപ്പഴ മഴയിലും വ്യാപക നാശനഷ്ടം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ദുരന്തത്തിന് പിന്നാലെ പ്രവിശ്യയിലെ പൊതു ഇൻഷുറൻസ് കമ്പനിയായ മാനിറ്റോബ പബ്ലിക് ഇൻഷുറൻസിന് (MPI) ഇതുവരെ ഇരുപതിനായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. കനത്ത മഴയിൽ വാഹനങ്ങളുടെ ചില്ലുകളും ബോഡി പാനലുകളും തകർന്നതോടെയാണ് ആയിരക്കണക്കിന് ആളുകൾ ഇൻഷുറൻസിനായി കമ്പനിയെ സമീപിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ അപേക്ഷകൾ എത്തുന്നതോടെ, ഇത് 30 വർഷത്തെ ഏറ്റവും ഉയർന്ന റെക്കോർഡിലേക്ക് മാറുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തെക്കൻ മാനിറ്റോബയിലെ ഓട്ടർബേൺ, വിന്നിപെഗ്, സാൻഫോർഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ടെന്നീസ് പന്തിന്റെയും ഗ്രേപ്ഫ്രൂട്ടിന്റെയും വലിപ്പത്തിൽ ആലിപ്പഴം മഴ വൻ നാശനഷ്ടം വിതച്ചത്.
ഇതിനുമുമ്പ് മാനിറ്റോബയിൽ ഒരൊറ്റ ദിവസം കൊണ്ട് ഇത്രയധികം ഇൻഷുറൻസ് അപേക്ഷകൾ വരുന്നത് 1996 ജൂലൈയിലെ ആലിപ്പഴമഴയ്ക്ക് ശേഷമാണ്. അന്ന് 24,000 അപേക്ഷകളാണ് കമ്പനിക്ക് ലഭിച്ചത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആ റെക്കോർഡ് എളുപ്പത്തിൽ മറികടക്കുമെന്നാണ് എം.പി.ഐ കരുതുന്നത്. പ്രതീക്ഷിച്ചതിലും വലിയ രീതിയിൽ അപേക്ഷകൾ ഒഴുകിയെത്തിയതോടെ നിലവിലെ സംവിധാനങ്ങൾ ഉപയോഗിച്ച് ഇവ വേഗത്തിൽ തീർപ്പാക്കാൻ കമ്പനിക്ക് സാധിക്കുന്നില്ല. ഈ പ്രതിസന്ധി മറികടക്കാനും, ഉപഭോക്താക്കൾക്ക് തുക വേഗത്തിൽ ലഭ്യമാക്കാനും വാഹനങ്ങൾ റിപ്പയർ ഷോപ്പുകളിൽ എത്തിക്കാനുമായി പുതിയൊരു താൽക്കാലിക സംവിധാനം രൂപീകരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും.
അപേക്ഷകളുടെ തിരക്ക് കാരണം ഇൻഷുറൻസ് നടപടികൾ പൂർത്തിയാകാൻ വലിയ കാലതാമസം നേരിടുമെന്ന് എം.പി.ഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ നാശനഷ്ടം സംഭവിച്ചവർ ഒട്ടും വൈകാതെ തന്നെ അപേക്ഷകൾ ഫയൽ ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിലവിൽ സുരക്ഷിതമായി ഓടിക്കാൻ കഴിയുന്ന വാഹനങ്ങളുടെ ഉടമകൾക്ക് ഓൺലൈനായി തന്നെ ഇൻഷുറൻസിന് അപേക്ഷിക്കാം. എന്നാൽ പൂർണ്ണമായി തകരുകയും ഓടിക്കാൻ സാധിക്കാത്തതുമായ വാഹനങ്ങളുടെ ഉടമകൾ എം.പി.ഐ കോൺടാക്ട് സെന്ററുമായി നേരിട്ട് ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Manitoba storm to break 30-year record; MPI in crisis with 20,000 insurance applications










