തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യിലൂടെ ഉണ്ടാകുന്ന വലിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിപ്ലവകരമായ നീക്കങ്ങളുമായി മാനേജ്മെന്റ്. ജൂൺ 15 മുതൽ സംസ്ഥാനത്തെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നതോടെ പ്രതിവർഷം 800 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് സാധാരണക്കാർ ആശ്രയിക്കുന്ന ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ച് പകരം ചാർജ് കൂടിയ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകൾ നിരത്തിലിറക്കാൻ അധികൃതർ തയാറെടുക്കുന്നത്.
തലസ്ഥാന നഗരിയിലെ ഡിപ്പോകളുടെ മാതൃക പിന്തുടർന്ന് സംസ്ഥാനത്തെ മറ്റ് പ്രധാന ഡിപ്പോകളിലും ഫാസ്റ്റ് സർവീസുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാനാണ് പുതിയ തീരുമാനം. യുഡിഎഫ് സർക്കാരിന്റെ ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് തമ്പാനൂരിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ആദ്യത്തെ 100 ദിവസം ഓർഡിനറി ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് മുന്നോടിയായി, യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ സിറ്റി ഫാസ്റ്റ് ബസുകളിൽ പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിക്കുന്ന ജോലികളും വേഗത്തിൽ പുരോഗമിക്കുകയാണ്.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം പൂർണ്ണമായും സർക്കാർ നികത്തുമെന്നും, ശമ്പളത്തിനും പെൻഷനുമായി നിലവിൽ നൽകുന്ന 1500 കോടി രൂപയ്ക്ക് പുറമെ ഈ തുക അധികമായി അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും മാനേജ്മെന്റ് കടുത്ത ആശങ്കയിലാണ്. ഓർഡിനറി ബസുകൾ ഫാസ്റ്റ് പാസഞ്ചർ ആക്കി മാറ്റുന്നതിലൂടെ യാത്രക്കാരിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കാനും അതുവഴി വരുമാനം വർധിപ്പിക്കാനുമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. വരും മാസങ്ങളിൽ പരസ്യ വരുമാനവും സർവീസുകളുടെ എണ്ണവും വർധിപ്പിച്ച് സാമ്പത്തിക അടിത്തറ ഭദ്രമാക്കാനുള്ള നിർദ്ദേശവും മാനേജ്മെന്റിന് മുന്നിലുണ്ട്.
അതേസമയം, കെഎസ്ആർടിസിയുടെ ഈ പുതിയ നീക്കത്തിനെതിരെയും സ്ത്രീകൾക്ക് മാത്രം സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെയും സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുഗതാഗത മേഖലയിൽ കെഎസ്ആർടിസിക്ക് നൽകുന്ന ഇന്ധന സബ്സിഡി, ഇൻഷുറൻസ് ഇളവ്, ബസ് സ്റ്റാൻഡ് ഫീസ് ഒഴിവാക്കൽ തുടങ്ങിയ ആനുകൂല്യങ്ങൾ തങ്ങൾക്കും ലഭ്യമാക്കണമെന്നും വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും യാത്രാനിരക്ക് വർധിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ജൂൺ 19-ന് ചേരുന്ന സംയുക്ത യോഗത്തിന് ശേഷം അനുകൂലമായ പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ സർവീസ് നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
Free travel for women: KSRTC to cut ordinary buses and introduce fast buses to overcome losses
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









